നല്ലനടപ്പില്ലെങ്കിൽ ജോർജിനെ ബിജെപി പുറത്താക്കും; തൽക്കാലം പ്രൊബേഷൻ; തിരഞ്ഞെടുപ്പ് വരെ നിരീക്ഷിക്കാൻ കേന്ദ്ര തീരുമാനം
തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ കുറ്റിച്ചൂലിനോട് ഉപമിച്ച പിസി ജോര്‍ജിനെതിരെ ശക്തമായ അച്ചടക്ക നടപടി വേണമെന്ന് കേന്ദ്ര നേതാക്കളോട് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ എല്ലാം പിസിയുടെ പരസ്യ പ്രസ്താവനകള്‍ പ്രതിസന്ധിയിലാക്കിയെന്ന തരത്തിലാണ് കാര്യങ്ങളെ സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. പ്രചരണ കാലത്ത് അച്ചടക്കം ആരു ലംഘിച്ചാലും കര്‍ശന നടപടി എടുക്കണമെന്നാണ് നിര്‍ദ്ദേശം. ബിജെപിയുമായി അനുനയത്തിന് തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും ഉടന്‍ പിസിയെ പുറത്താക്കും. ഒരാഴ്ച പിസിയ്ക്ക് നിരീക്ഷണ കാലമായി അനുവദിക്കും. അതിന് ശേഷം വേണ്ടി വന്നാല്‍ നടപടി എടുക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കേന്ദ്ര നേതാക്കള്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ പിസി ജോര്‍ജിന് സ്ഥാനമാനങ്ങളൊന്നും ബിജെപി നല്‍കില്ലെന്നാണ് സൂചന. അതുവരെയുള്ള പിസിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാത്രമേ പൂഞ്ഞാറിലെ മുന്‍ എംഎല്‍എയ്ക്ക് എന്തെങ്കിലും പദവികള്‍ നല്‍കൂ. പാര്‍ട്ടി അച്ചടക്കം പാലിക്കാത്ത സാഹചര്യം ഇനി ഉണ്ടായാല്‍ അതിവേഗ നടപടിയും ഉണ്ടാകും. കേരളത്തിലെ ആർഎസ്എസ് നേതൃത്വവും പിസിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അലോസരത്തിലാണ്. പിസിയുടേത് അംഗീകരിക്കാന്‍ കഴിയാത്ത പരസ്യ വിമര്‍ശനമാണെന്നും പ്രവർത്തകരുടെ അത്മവിശ്വാസം തകര്‍ക്കുന്നതാണെന്നും അവരും നിലപാട് എടുത്തു കഴിഞ്ഞു.
അനില്‍ ആന്റണിയെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയതിൽ പരസ്യമായി അമര്‍ഷം പ്രകടിപ്പിച്ച ജോർജിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പരസ്യമായി താക്കീത് ചെയ്തിട്ടുണ്ട്. പിസിക്കെതിരെ ബിഡിജെഎസും ഗുരുതരമായ ആരോപണങ്ങള്‍ ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് ദേശീയ നേതൃത്വവും പിസിയെ കടുത്ത അതൃപ്തി അറിയിച്ചു. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും മിതത്വം പാലിക്കണമെന്നുമാണ് നിര്‍ദേശം. ഇതിനുപുറമെ, ഫെയ്സ്ബുക്കിലൂടെ എന്തെങ്കിലും വിളിച്ച് പറയുന്നവര്‍ പാര്‍ട്ടിയില്‍ കാണില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ മനസ്സ് കൂടി അറിഞ്ഞാണ് സുരേന്ദ്രന്‍ പരസ്യമായി തന്നെ പ്രതികരണം നടത്തിയത് എന്നാണ് സൂചന.
അതേസമയം പിസി ജോര്‍ജിനെ തഴഞ്ഞതിനെതിരെ ബിജെപിയിലും ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. ഈ വിഷയത്തിൽ കര്‍ഷകമോര്‍ച്ച നേതാവ് ശ്യാം തട്ടയില്‍ പരസ്യമായി രംഗത്തെത്തി. അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യ നടപടിയാണെന്നും ഒരു ലക്ഷം വോട്ട് പോലും പിടിക്കില്ലെന്നും ശ്യാം തട്ടയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞിരുന്നു. വിമര്‍ശനത്തിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍, ശനിയാഴ്ച തന്നെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയില്‍ നിന്ന് രാജിവച്ചിരുന്നതായി ശ്യാം മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചു. പിസി ജോര്‍ജിനെ സഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ജോര്‍ജ് ആഗ്രഹിച്ചിരുന്നു. ഇതിന് വേണ്ടി കൂടിയാണ് ജനപക്ഷം എന്ന പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ലയിച്ചത്. കേരളത്തിലെ നേതാക്കള്‍ ആരും ഈ നീക്കത്തെ പിന്തുണച്ചിരുന്നില്ല. കേരളത്തിലെ ആർഎസ്എസിനും താല്‍പ്പര്യമില്ലാത്ത ചില ഇടപെടലുകൾ ഈ വിഷയത്തില്‍ ഉണ്ടായി. അതുകൊണ്ടാണ് പിസിയ്ക്ക് സീറ്റ് നല്‍കുന്നതിനെ കേരള നേതൃത്വം എതിര്‍ത്തത്. ഒരു കാരണവശാലും പത്തനംതിട്ടയില്‍ പിസിയെ മത്സരിപ്പിക്കരുതെന്ന് കേരളത്തിലെ നേതൃത്വം ദേശീയ നേതാക്കളെ അറിയിച്ചിരുന്നു. ഇതോടെയാണ് എ ക്ലാസ് മണ്ഡലത്തില്‍ അനില്‍ ആന്റണിയെ ബിജെപി നിശ്ചയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here