ഡെൽമോസ് വേൾഡിനെതിരെ ഉപഭോക്തൃ കോടതി; ജര്‍മന്‍ യാത്ര മുടക്കിയതിന് ടൂര്‍ ഓപ്പറേറ്റര്‍ 6 ലക്ഷം നഷ്ടപരിഹാരം നല്‍കണം; യാത്രക്കാര്‍ക്ക് കമ്പനി  വീസ എത്തിച്ചത് യാത്രാ തീയതിക്ക് ശേഷം

കൊച്ചി: വിദേശ യാത്ര മുടക്കിയ ട്രാവൽ ഓപ്പറേറ്റർ 6 ലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. പോളിമർ മാനുഫാക്ചേഴ്സ് അസോസിയേഷനും, എറണാകുളം സ്വദേശികളുമായ മറ്റ് മൂന്ന് പേരും സമർപ്പിച്ച പരാതിയിലാണ് ഡി.ബി.ബിനു അധ്യക്ഷനായ കോടതിയുടെ ഉത്തരവ്. എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനത ഉണ്ടെന്ന് കണ്ടെത്തിയാണ് വിധി.

ജർമ്മനിയിലെ ഡെസൽഡോർഫിൽ നടക്കുന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂ ഡെൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്. ഒരാളിൽ നിന്ന് 1,50,000 രൂപ ഈടാക്കിയാണ് ട്രാവൽ ഓപ്പറേറ്റർ വിദേശ ടൂർ വാഗ്ദാനം ചെയ്തത്.

എന്നാൽ യാത്രാ സമയത്ത് ജർമൻ  വീസ ലഭ്യമാക്കാന്‍ ട്രാവൽ കമ്പനിക്ക് കഴിഞ്ഞില്ല. യാത്ര നിശ്ചയിക്കപ്പെട്ട തീയതിക്ക് ശേഷമാണ്  വീസ ലഭിച്ചത്. ഇതിനെതിരെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ് ട്രാവൽ ഏജൻസിക്ക് നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറിയില്ല. ഇതെല്ലാം പരിഗണിച്ചാണ് കോടതി വിധി. ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം രൂപ കൂടാതെ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും 45 ദിവസത്തിനുള്ളിൽ ട്രാവല്‍ കമ്പനി പരാതിക്കാര്‍ക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top