ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസ നാലിരട്ടിയിലേറെ വർധിപ്പിച്ച് ജർമനി; സന്തോഷ വാർത്ത പങ്കുവച്ച് മോദി

ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള തൊഴിലവസരം ജർമനി വർധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികൾക്ക് പ്രതിവർഷം അനുവദിക്കുന്ന വിസകളുടെ എണ്ണം 20,000 ൽ നിന്ന് 90,000 ആയി ഉയർത്താൻ ജർമനി തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ജർമനിയുടെ വികസനത്തിൽ ഈ തീരുമാനം മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 18-ാമത് ഏഷ്യ-പസഫിക് കോൺഫറൻസ് ഓഫ് ജർമൻ ബിസിനസ് 2024 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തൊഴിൽ വൈദഗ്ധ്യമുള്ള ഇന്ത്യക്കാരിൽ ജർമനി അർപ്പിക്കുന്ന വിശ്വാസം അതിരില്ലാത്തതാണ്. ഇന്ത്യ – ജർമനി സഹകരണം സംബന്ധിച്ച ഫോക്കസ് ഓൺ ഇന്ത്യ നയരേഖ ജർമൻ കാബിനറ്റ് ചർച്ചചെയ്തതിനെ പ്രധാനമന്ത്രി മോദി സ്വാഗതംചെയ്തു. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾക്ക് ലോകനന്മയ്ക്കുവേണ്ടി എങ്ങനെ കൈകോർക്കാം എന്നതിന്റെ രൂപരേഖയാണതെന്ന് പ്രധാനമന്ത്രി പറഞ്ഞു.


നിലവിൽ നൂറുകണക്കിന് ജർമൻ കമ്പനികൾ ഇന്ത്യയിലുണ്ട്. അതേസമയം ജർമനിയിൽ ഇന്ത്യൻ കമ്പനികളുടെ എണ്ണം അനുദിനം കൂടുകയാണ്. ഉത്പാദനത്തിന്റെയും വ്യാപാരത്തിന്റെയും ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് എന്ന സങ്കൽപ്പത്തിന് അനുയോജ്യമായ സമയമാണിതെന്നും നരേന്ദ്ര മോദി പറഞ്ഞു.


ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി ഇന്ന് പ്രധാനമന്ത്രി ഇന്ന് ഉഭയകക്ഷി ചർച്ചയും നടത്തും. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയതാണ് ഷോൾസ്. ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ഏഴാമത് ഇൻ്റർഗവൺമെൻ്റൽ കൺസൾട്ടേഷനിൽ (ഐജിസി) മോദിയും ഷോൾസും പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top