300 കോടി തട്ടിയ ബ്ലേഡ് കമ്പനി ഉടമകള്‍ കീഴടങ്ങി; ജി ആന്‍ഡ് ജി ഫിനാന്‍സ് നടത്തിപ്പുകാര്‍ റിമാന്‍ഡില്‍
പത്തനംതിട്ട: തിരുവല്ലയില്‍ മുന്നൂറു കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതികള്‍ കീഴടങ്ങി. ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമകളായ തെള്ളിയൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ് ജി.നായര്‍ എന്നിവരാണ് തിരുവല്ല ഡിവൈഎസ്‌പി ഓഫീസില്‍ എത്തി കീഴടങ്ങിയത്. പ്രതികളെ കോയിപ്രം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തശേഷം പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റു പ്രതികളായ ഗോപാലകൃഷ്ണന്‍റെ ഭാര്യ സിന്ധു, മരുമകള്‍ ലേഖാലക്ഷ്മി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഭാര്യ സിന്ധു അടുത്തിടെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയതായി പോലീസ് പറയുന്നു. വിശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ ബഡ്സ് ആക്ടും പ്രതികളില്‍ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് തിരുവല്ല തെള്ളിയൂരിലെ ജി ആന്‍ഡ് ജി ഫിനാന്‍സ് സ്ഥാപനംപൂട്ടി ഉടമകള്‍ മുങ്ങിയത്. ആയിരത്തോളം നിക്ഷേപകരില്‍ ഭൂരിഭാഗം പേരുടെയും കാലാവധി തീര്‍ന്ന നിക്ഷേപം തിരികെ നല്‍കാതെയാണ് ഇവര്‍ വീടും സ്ഥലവും വിറ്റ് ഒളിവില്‍ പോയത്. എണ്‍പതോളം പരാതികളാണ് സ്ഥാപനത്തിനെതിരെ പോലീസിന് ലഭിച്ചത്. തെള്ളിയൂര്‍ ആസ്ഥാനമായി അമ്പത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ജി ആന്‍ഡ് ജി ഫിനാന്‍സിന് 48 ശാഖകളാണുള്ളത്. 13% ശതമാനം പലിശയാണ് ഇവിടെ നല്‍കിയിരുന്നത്. 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ ആരോപണം.
കഴിഞ്ഞ ഡിസംബര്‍ വരെ കൃത്യമായി പലിശ നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയോടെ പലിശ മുടങ്ങി. പണം തിരികെ നല്‍കാന്‍ നിക്ഷേപകര്‍ സ്ഥാപനത്തെ സമീപിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയാണെന്ന് അറിയിച്ചു. നിക്ഷേപകരുടെ തുകയുടെ ഒരു ശതമാനം വെച്ച് പല ഘട്ടങ്ങളിലായി തിരികെ നല്‍കാമെന്നായി ഉടമയായ ഗോപാലകൃഷ്ണന്‍റെ വാദം.
ഗോപാലകൃഷ്ണന്‍റെ അച്ഛന്‍ തുടങ്ങിയ പിആര്‍ഡി ഫിനാന്‍സിയേഴ്സാണ് പിന്നീട് മക്കള്‍ ഏറ്റെടുത്ത് നടത്തിയത്. ഗോപാലകൃഷ്ണനോടൊപ്പം സഹോദരന്‍ അനില്‍ കുമാറും ചേര്‍ന്നാണ് സ്ഥാപനം നടത്തിയിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് അനില്‍ കുമാര്‍ 300 കോടി തട്ടിപ്പ് നടത്തിയ കേസില്‍ അകത്താകുകയും സ്ഥാപനം പൂട്ടിപ്പോകുകയും ചെയ്തു. ഇതിനുപിന്നാലെ ഗോപാലകൃഷ്ണന്‍ തന്‍റെ സ്ഥാപനം ജി ആന്‍ഡ് ജി ഫിനാന്‍സ് എന്ന പേരിലേക്ക് മാറ്റുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here