“വിസിയെ പുറത്തുവിടില്ല”; കേരള സർവ്വകലാശാലയിൽ ഇടത് സംഘടനകളുടെ ഘരാവോ
കേരള സർവകലാശാല സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിനിടയിൽ ഇടത് സംഘടനകളുടെ പ്രതിഷേധം. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഒമ്പത് സീറ്റുകളിലേക്ക് നടന്ന സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിൻ്റെ ഫലം ഇന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഇടത് സംഘടനകളുടെ ആവശ്യം. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാട് ചേമ്പറിൽ വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചു.
ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെയായിരുന്നു തെരഞ്ഞെടുപ്പ്. എസ്എഫ്ഐയും എബിവിപിയും ഹൈക്കോടതിയിൽ നൽകിയ ഹർജികൾ ഇന്ന് പരിഗണിക്കാനിരിക്കെയാണ് സർവ്വകലാശാലയിൽ സംഘർഷമുണ്ടായത്. സർവ്വകലാശാലയിൽ നിന്ന് പുറത്തേക്ക് പോകാനിരുന്ന വിസിയെ ഘരാവോ ചെയ്യുകയാണ് പ്രതിഷേധക്കാർ. വിസിയെ സർവ്വകലാശാല ആസ്ഥാനം വിട്ടുപോവാൻ അനുവദിക്കില്ലെന്നാണ് ഇടത് സംഘടനകൾ പറയുന്നത്.
വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം പൊലീസ് ഗേറ്റിൽ തടഞ്ഞു. ഇത് സർവ്വകലാശാലയുടെ പുറത്തും സംഘർഷം സൃഷ്ടിച്ചു. എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. നിലവിൽ പ്രതിഷേധം തുടരുകയാണ്. വിധി വന്നശേഷം ഫലപ്രഖ്യാപനം മതിയെന്നാണ് കോൺഗ്രസിൻ്റേയും മറ്റു പാർട്ടികളുടേയും ആവശ്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here