പൂക്കോട് കോളജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളെ വീട്ടില്‍ വിടുന്നില്ല; രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പും നിശ്ചലം; മുഖ്യമന്ത്രിക്ക് പരാതി

വയനാട് : സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് കനത്ത പ്രതിഷേധം നടക്കുന്ന പൂക്കോട് വെറ്ററിനറി കോളജിലെ പെണ്‍കുട്ടികളെ വീട്ടിലേക്ക് പോകാന്‍ അനുവിദിക്കുന്നില്ലെന്ന് പരാതി. പിടഎയുടെ വാട്‌സാപ്പ് ഗ്രൂപ്പും നിശ്ചലമായതോടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ് വീട്ടില്‍ പോകാന്‍ അധികൃതര്‍ അനുവദിക്കാത്തത്. രണ്ട് ഹോസ്റ്റലുകളിലായി നാനൂറോളം വിദ്യാര്‍ത്ഥിനികളാണ് കുടുങ്ങികിടക്കുന്നത്. വീട്ടിലേക്ക് പോകാന്‍ അനുവദിക്കാത്തതിന് കൃത്യമായ വിശദീകരണം കോളജ് അധികൃതര്‍ നല്‍കിയിട്ടില്ല. ഇതോടെ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ഹോസ്റ്റല്‍ ഗേറ്റ് പുറത്തു നിന്നും പൂട്ടിയ അവസ്ഥയിലാണ്. രക്ഷിതാക്കള്‍ക്ക് ഫോണിലൂടെ കുട്ടികളോട് സംസാരിക്കാന്‍ മാത്രമാണ് കഴിയുന്നത്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് ശേഷം കോളജിലേക്ക് നിരന്തരം പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടന്ന് പ്രതിഷേധക്കാര്‍ എത്തിയിരുന്നു. ഇതുകൂടിയായതോടെ കുട്ടികളും ഭയത്തിലാണ്. ഹോസ്റ്റലിലെ കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് സ്റ്റാഫ് അഡൈ്വസറാണ് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. എന്നാല്‍ പുറത്തേക്ക് വിടാന്‍ സുരക്ഷയില്ലെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. കോളജ് പിടിഎയുടെ വാട്സാപ്പ് ഗ്രൂപ്പും നിശ്ചലമാണ്. ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലി ആക്കിയതിനാല്‍ രക്ഷിതാക്കള്‍ക്ക് ഇതില്‍ അഭിപ്രായം രേഖപ്പെടുത്താനും കഴിയുന്നില്ല. ഇതിന് പരിഹാരം കാണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

പെണ്‍കുട്ടികളെ വീട്ടില്‍ വിടാതെ പൂട്ടിയിട്ടിരിക്കുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പാര്‍ട്ടിയുടെ ആര്‍ടിഐ വിങ്ങ് സംസ്ഥാന പ്രസിഡന്റ് സുജിത്ത് സുകുമാരനാണ് പരാതി നല്‍കിയിരിക്കുന്നത്. രക്ഷിതാക്കളുടെ ആശങ്ക വലുതാണെന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും സുജിത്ത് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കോളജില്‍ നടന്ന ക്രൂരമര്‍ദനവും മറ്റ് സംഭവങ്ങളും പുറത്തറിയാതിരിക്കാനാണ് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ടിരിക്കുന്നതെന്നും ആരോപണമുണ്ട്. സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ച അന്ന് മുതല്‍ കോളജ് അധികൃതരും ചില അധ്യാപകരും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി വിമര്‍ശനമുണ്ട്. സിദ്ധാര്‍ത്ഥന്റെ കുടുംബം തന്നെ ഇക്കാര്യം ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top