വീണ്ടും ബാര്‍ കോഴ; ഹോട്ടല്‍ ഉടമ അസോസിയേഷന്‍ നേതാവിന്റെ ശബ്ദരേഖ പുറത്ത്; ‘ഡ്രൈ ഡേ എടുത്തുകളയും; രണ്ടര ലക്ഷം വീതം കൊടുക്കണം’

തിരുവനന്തപുരം: കെ.എം.മാണിയുടെ രാഷ്ട്രീയ ജീവിതം തകര്‍ത്ത ബാര്‍ കോഴയ്ക്ക് ഇടതുഭരണത്തില്‍ ചിറക് മുളയ്ക്കുന്നു. മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് ബാര്‍ക്കോഴ വീണ്ടും അരങ്ങുതകര്‍ക്കുകയാണെന്ന സൂചനകള്‍ ശക്തമാകുന്നത്.

ഓരോ ബാര്‍ ഉടമയും രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് അനിമോന്‍റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാന എക്സിക്യുട്ടീവ്‌ യോഗം കൂടിയ ശേഷം പ്രസിഡന്‍റിന്‍റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോന്‍ വ്യക്തമാക്കുന്നുണ്ട്. ഇടുക്കിയിലെ ബാര്‍ ഉടമകള്‍ക്കാണ് അനിമോന്‍ സന്ദേശം അയക്കുന്നത്.

സന്ദേശം ഇങ്ങനെ: “എറണാകുളത്തെ ഹോട്ടലില്‍ നിന്നാണ് സംസാരിക്കുന്നത്. ഇവിടെ എഫ്കെഎച്ച്എ സംസ്ഥാന എക്സിക്യൂട്ടീവ്‌ യോഗം നടക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുതിയ എക്സൈസ് നയം വരും. അതില്‍ ഒന്നാം തിയതിയിലെ ഡ്രൈ ഡേ എടുത്ത് കളയും. ഇത് കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞ് പറഞ്ഞിട്ടുണ്ട്. മറ്റ് ഇളവുകളും ഉണ്ടാകും. ഇതൊക്കെ ചെയ്ത് തരണമെങ്കില്‍ നമ്മള്‍ കൊടുക്കേണ്ടതായ കാര്യങ്ങള്‍ കൊടുക്കണം. ഇടുക്കിയിലെ ഒരു ഹോട്ടല്‍ രണ്ടര ലക്ഷം കൊടുത്തതല്ലാതെ മറ്റാരും ഒന്നും നല്‍കിയിട്ടില്ല. കൊടുത്തിട്ടുണ്ട് എന്ന് ചിലര്‍ പറഞ്ഞു. പക്ഷെ ആരും കൊടുത്തിട്ടില്ല. വിശ്വാസമില്ലാത്തവര്‍ അവരുടെ ഇഷ്ടം പോലെ ചെയ്യുക. ഇതുവരെ മൂന്നിലൊന്നാണ് ആകെ കളക്ഷന്‍ ഉള്ളത്. രണ്ടര ലക്ഷം വച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ട് ദിവസത്തില്‍ കൊടുക്കണം. സഹകരിച്ചില്ലെങ്കില്‍ വലിയ നാശത്തിലേക്കാകും പോകുന്നത്. ഇത് പണ്ടത്തെ അവസ്ഥയില്‍ വന്നാല്‍… നമ്മളൊക്കെ ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരും മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല. ഇലക്ഷന്‍ കഴിഞ്ഞ് ഒരു പാര്‍ട്ടിക്കും പൈസ വാങ്ങുന്നതല്ല. പറഞ്ഞില്ല എന്ന് ആരും പറയരുത്. സഹകരിച്ചാല്‍ എല്ലാവര്‍ക്കും നല്ലത്. പറ്റുമെങ്കില്‍ സഹകരിക്കുക. അഭിപ്രായങ്ങള്‍ ഉടനെ അറിയിക്കണം.” – അനിമോന്‍ പറഞ്ഞു.

ശബ്ദരേഖ അനിമോന്‍ നിഷേധിച്ചിട്ടില്ല. കൊച്ചിയിൽ ബാർ ഉടമകളുടെ യോഗം നടന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാർ സമ്മതിച്ചിട്ടുണ്ട്. പക്ഷേ പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top