മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നൽകിയെന്ന് സമ്മതിച്ച് CSI സഭ; വിവരങ്ങൾ SFIOക്ക് നൽകി, എക്സാലോജിക്കിൻ്റെ സേവനം മോശമായതിനാൽ ഇടപാട് തുടർന്നില്ലെന്ന് സഭാ സെക്രട്ടറി
മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാട് തുറന്നുപറഞ്ഞ് സിഎസ്ഐ സഭ. സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന കാരക്കോണം സോമർവെൽ മെമ്മോറിയൽ മെഡിക്കൽ കോളജ്, എക്സാലോജിക് സൊല്യൂഷൻസിന് പണം നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകിയെന്നും ഇടപാട് സുതാര്യമാണെന്നും സിഎസ്ഐ സഭാ അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി ടി.ടി പ്രവീണ്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനിക്ക് 1.72 കോടി കിട്ടിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കേരളത്തിലെ മറ്റ് ചില കമ്പനികളും, സമുദായ സംഘടനകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും എക്സാലോജിക്കിന് പണം നൽകിയതും കണ്ടെത്തിയത്. മൂന്നൂലക്ഷം രൂപയാണ് നൽകിയത് എന്നാണ് സിഎസ്ഐ സഭയുടെ ഔദ്യോഗിക വിശദീകരണം. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ സേവനം മോശമായിരുന്നെന്നും, കരാർ തുടരേണ്ടെന്ന് വച്ചെന്നും, അതിനാൽ കൂടുതൽ സാമ്പത്തിക ഇടപാടൊന്നും ഉണ്ടായില്ല എന്നുമാണ് സഭാ സെക്രട്ടറി വിശദീകരിക്കുന്നത്.
എക്സാലോജികിന് പണം നൽകിയവരാരും ഇതുവരെയും ഇടപാടിൻ്റെ വിവരങ്ങൾ തുറന്നുപറഞ്ഞിട്ടില്ല. എക്സാലോജിക്കും ഒരു വിശദീകരണത്തിനും തയ്യാറായിട്ടില്ല. കർണാടക ഹൈക്കോടതിയിൽ നടത്തിയ വെളിപ്പെടുത്തലിന് ശേഷം അസാധാരണ മൌനമാണ് അന്വേഷണ ഏജൻസിയും പുലർത്തുന്നത്. ഇതാദ്യമായാണ് ബന്ധപ്പെട്ട കക്ഷികളിലൊരാൾ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി നടത്തിയ ഇടപാടിൻ്റെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. സിഎസ്ഐ സഭക്ക് കീഴിലെ കാരക്കോണം മെഡിക്കൽ കോളജിലെ എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിൽ ഒട്ടേറെ കേസുകൾ സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിക്കുമ്പോഴാണ് ഈ ഇടപാട് നടന്നത് എന്നതും നിർണായകമാണ്. മൂന്നൂലക്ഷം മാത്രമാണ് നൽകിയതെന്ന് പറയുമ്പോഴും പണം നൽകിയവരുടെയെല്ലാം ഇടപാടുകളുടെ വിശദാംശങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസി പരിശോധിച്ച് വരികയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here