ഗോവയിലെ സെയിൻ്റ് ഫ്രാൻസിസ് സേവ്യറുടെ ഡിഎൻഎ പരിശോധിക്കണമെന്ന് ആർഎസ്എസ് നേതാവ്; വെല്ലിങ്കാറെ അറസ്റ്റ് ചെയ്യണമെന്ന് ചർച്ചിൽ അലിമാവോ

കത്തോലിക്ക സഭയുടെ വിശുദ്ധനും ഗോവയുടെ സംരക്ഷകൻ എന്നും അറിയപ്പെടുന്ന സെയിൻ്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിൻ്റെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആർഎസ്എസിൻ്റെ ഗോവ മുൻ മേധാവിയുടെ പ്രസ്താവന വിവാദമാകുന്നു. ഫ്രാൻസിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനെന്ന് (Protector of Goa) വിളിക്കാനാവില്ലെന്നും സുഭാഷ് വെല്ലിങ്കാർ പറഞ്ഞു. വെല്ലിങ്കാറിൻ്റെ പ്രസ്താവനക്കെതിരെ ഗോവ മുൻ മുഖ്യമന്ത്രി ചർച്ചിൽ അലിമാവോ പോലീസിൽ പരാതി നൽകി. സാമുദായ സൗഹാർദം തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തുന്ന വെല്ലിങ്കാറിനെ അറസ്റ്റ് ചെയ്യണമെന്നും അലിമാവോ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് നേതാവ് വെല്ലിങ്കാർ ഫ്രാൻസിസ് സേവ്യറിനെതിരെ വിവാദ പരാമർശം നടത്തിയത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സൗഹാർദ്ദത്തോടെ താമസിക്കുന്ന ഗോവയിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന വെല്ലിങ്കാറിനെതിരെ നടപടി വേണമെന്നാണ് അലിമാവോ ആവശ്യപ്പെട്ടത്. സമുദായ സൗഹാർദം തകർന്നാൽ ഉത്തരവാദി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വെല്ലിങ്കാറുടെ പ്രസ്താവനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ പ്രമോദ് സാവന്ത് വ്യക്തമാക്കിയെങ്കിലും പോലീസ് അദ്ദേഹത്തിനെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.

പാരമ്പര്യമായി പത്തുവർഷത്തിൽ ഒരിക്കൽ മാത്രം ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പ് പൊതുജനങ്ങൾക്ക് കാണാനായി അവസരം നൽകാറുണ്ട്. പരസ്യവണക്കത്തിനായി വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ ഗോവയിലെ പനാജി നഗരത്തിനടുത്തുള്ള നല്ല ഈശോ ദേവാലയത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ വർഷത്തെ ചടങ്ങുകള്‍ നവംബർ 21 മുതൽ ജനുവരി അഞ്ചുവരെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. ഇതിനിടയിലാണ് പ്രകോപനപരമായ പ്രസ്താവന സംഘപരിവാർ നേതാവിൻ്റെ ഭാഗത്തു നിന്നുണ്ടായത്.

കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടന്ന മതദ്രോഹവിചാരണ (inquisition) യുടെ ഭാഗമായി അടിച്ചമർത്തലും അതിക്രമങ്ങളും നടത്തിയവർക്ക് വിശുദ്ധ പദവി നൽകാൻ പാടില്ല എന്നാണ് വെല്ലിങ്കാറിൻ്റെ നിലപാട്. ചരിത്രപരമായ ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ഫ്രാൻസിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനായി അംഗീകരിക്കാനാവില്ല. ഇതാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നാണ് വെല്ലിങ്കാറുടെ നിലപാട്.

സെൻ്റ് തോമസിനു ശേഷം സുവിശേഷ പ്രചരണത്തിനായി ഇന്ത്യയിലെത്തിയ സ്പെയിൻ സ്വദേശിയായ മിഷണറിയാണ് ഫ്രാൻസിസ് സേവ്യർ. 1512ൽ രോഗംബാധിച്ചു മരണമടഞ്ഞ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്നത് ഗോവയിലെ ‘നല്ല ഈശോ’ (Bom Jesus) കത്തീഡ്രലിൽ ആണ്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഈ പള്ളിയും ഉൾപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top