വ്ലോഗർമാര്‍ക്കെതിരെ ഗോവന്‍ ടൂറിസം മന്ത്രി; പണം കൈപ്പറ്റി ഗോവന്‍ ടൂറിസത്തെ ഇകഴ്ത്താന്‍ സംഘടിതശ്രമം
ഗോവ ടൂറിസത്തെ താഴ്ത്തിക്കെട്ടാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന് ഗോവ ടൂറിസം മന്ത്രി രോഹൻ ഖൗണ്ടേ. വ്ലോഗര്‍മാരെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം രംഗത്തുവന്നത്. സൗജന്യമായി താമസ സൗകര്യവും ഭക്ഷണവും ആവശ്യപ്പെടുന്ന വ്ലോഗര്‍മാര്‍ക്കെതിരെയാണ് മന്ത്രിപൊട്ടിത്തെറിച്ചത്. പണം കൈപ്പറ്റിയാണ് ഇവര്‍ ഗോവയെ താഴ്ത്തിക്കെട്ടുന്നതെന്നാണ് മന്ത്രിയുടെ ആരോപണം. ‘വിദേശ വിനോദസഞ്ചാരികൾ ഗോവ ഉപേക്ഷിച്ചു’ എന്ന സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായതോടെയാണ് സര്‍ക്കാര്‍ രംഗത്തുവന്നത്.
“ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. സീസൺ മികച്ചതാണ്. 2025 ടൂറിസത്തിന് നല്ലതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു, ” മന്ത്രി പറഞ്ഞു. ഗോവ തായ്ലന്ഡ് അല്ല. ഗോവയുടെ സൗന്ദര്യവും സർഗ്ഗാത്മകതയും മറ്റ് കാര്യങ്ങളും തായ്ലന്‍ഡുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.”
“ഗോവയെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കും. ഞങ്ങളുടെ പിആർ ടീമുമായി ചേർന്ന് ഇതിനകം തന്നെ ഒരു പദ്ധതി തയ്യാറാക്കാൻ തുടങ്ങി. മുഴുവൻ കണക്കുകളും പുറത്തുവിടും. ടൂറിസത്തെ മോശക്കാരാക്കുന്നവരെ തുറന്നുകാട്ടും.”
“ടാക്സികൾ, ഹോട്ടൽ നിരക്ക് അല്ലെങ്കിൽ കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അതിൻ്റേതായ വെല്ലുവിളികളുണ്ട്. പരാതികൾ കേൾക്കാനും പരിഹരിക്കാനും ഞങ്ങൾ ഇവിടെയുണ്ട്. ഞാൻ പ്രശ്നങ്ങളെ ന്യായീകരിക്കുകയല്ല, അതേസമയം തെറ്റായ സന്ദേശം ആരെങ്കിലും നല്‍കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.” – മന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here