ആത്മീയകച്ചവടത്തിൻ്റെ അനന്തസാധ്യത തുറന്ന സന്തോഷ് മാധവൻ അരങ്ങൊഴിയുമ്പോൾ; നഗ്നനാരീപൂജയടക്കം പീഡനവഴികൾ; തുണയായ സിനിമാ-പോലീസ് ബന്ധങ്ങളൊന്നുമില്ലാതെ മടക്കം

കൊച്ചി: കേരളത്തിലെ ‘ആള്‍ ദൈവങ്ങളെ’ എല്ലാവരെയും ഒരുഘട്ടത്തിൽ പ്രതിസന്ധിയിലാക്കിയ പേരാണ് സന്തോഷ് മാധവന്‍. ആത്മീയ കച്ചവടത്തിന്റെ അനന്ത സാധ്യതകളിലൂടെ പടര്‍ന്ന് പന്തലിച്ച ആശ്രമവും സ്വാമിയും. ജ്യോതിഷം അറിയാമെന്ന് പ്രചരിപ്പിച്ച് വിശ്വാസികളെ കൂടെ കൂട്ടിയ സന്തോഷ് മാധവന്‍ പിന്നീട് സ്വയം പ്രഖ്യാപിത ആള്‍ ദൈവമായി. രാഷ്ട്രീയക്കാരും സിനിമാക്കാരും വരെയുള്ള വിവിഐപികള്‍ ഈ സ്വാമിയുടെ ദര്‍ശനത്തിന് കാത്തുനിന്ന കാലം ഉണ്ടായിരുന്നു. പക്ഷേ സ്വാമി അമൃത ചൈതന്യയിലെ കള്ളി പെട്ടെന്ന് സാംസ്‌കാരിക കേരളത്തിന് മുന്നിൽ പൊളിഞ്ഞു. അങ്ങനെ സ്വാമി വെറും സന്തോഷ് മാധവനായി. ജയിലിലെ നല്ലനടപ്പുകാലം കഴിഞ്ഞ് പുറത്തെത്തിയ സ്വാമിക്ക് അപ്പോഴും ഉന്നതരുമായി ബന്ധമുണ്ടായിരുന്നു. ജയിലിനുള്ളില്‍ കിടന്ന് ഭൂമി ഇടപാടു നടത്തിയും സന്തോഷ് മാധവന്‍ വാര്‍ത്താതാരമായി. ആ വ്യക്തിയാണ് ഇപ്പോള്‍ വിടവാങ്ങുന്നത്. ആളും ആരവവും ഒഴിഞ്ഞ് മടക്കം. കൊച്ചിയിലെ ആശുപത്രിയിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം.

സിനിമാക്കഥയെ വെല്ലുന്നതായിരുന്നു കട്ടപ്പനക്കാരൻ സന്തോഷ് മാധവൻ്റെ വളര്‍ച്ചയുടെ വഴി. രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിലാipsണ് കൊച്ചിയിലെത്തിയത്. മരട് തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായി തുടക്കം. പിന്നീട് ആത്മീയതട്ടിപ്പിൻ്റെ വഴിയേ നീങ്ങി. അറിയാവുന്ന തന്ത്രവിദ്യകളെല്ലാം കൂടിയായപ്പോള്‍ സന്തോഷ് മാധവന്‍ അമൃത ചൈതന്യയായി മാറി. ശാന്തിതീരം ഗസ്റ്റ് ഹൌസ് എന്ന ഫ്ളാറ്റ് കെട്ടിടം ഒരേസമയം സ്വാമിയുടെ ഓഫീസും വസതിയും ആശ്രമവുമെല്ലാമായി പ്രവർത്തിച്ചു. ഉന്നതരുമായി ബന്ധം സ്ഥാപിച്ചത് ആത്മീയ ജീവിതം വഴിയായിരുന്നു. അമൃത ചൈതന്യയെ തേടി അക്കാലത്ത് എത്തിയിരുന്നത് സിനിമാ നടിമാരും രാഷ്ട്രീയക്കാരുമൊക്കെയായിരുന്നു. കേരള പോലീസിൻ്റെ തലപ്പത്തെ ചിലരും ആശ്രമത്തിൽ നിത്യസന്ദർശകരായി. സൌഹൃദവലയത്തിലുണ്ടായിരുന്ന ചിലരെല്ലാം ഇവിടെ താമസമായിരുന്നു എന്നതിന് തെളിവായി പോലീസ് യൂണിഫോം പോലും ഇവിടെ കണ്ടെത്തി. ചില പ്രമുഖർക്കായി നഗ്ന നാരീപൂജ നടത്തിയെന്ന വാർത്തകളും ചര്‍ച്ചകളില്‍ നിറഞ്ഞു. പീഡനത്തിനൊപ്പം നീലച്ചിത്ര നിര്‍മ്മാണവും ഉണ്ടായിരുന്നുവെന്ന വിവരവും അറസ്റ്റിന് ശേഷം പുറത്തുവന്നു.

പ്രവാസിയായ സെറാഫിൻ എഡ്വിൻ എന്ന വനിത 2008ൽ സാമ്പത്തിക തട്ടിപ്പുകേസിൽ പരാതി നൽകിയതോടെയാണ് സ്വാമിയുടെ വിശ്വരൂപം പുറത്തുവരാൻ തുടങ്ങിയത്. 40 ലക്ഷം തട്ടിച്ചു എന്ന് മാത്രമായിരുന്നു അന്നത്തെ പരാതി. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് ഇൻ്റർപോളിൻ്റെ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് എന്നും കണ്ടെത്തിയത്. ഇതോടെ ഗസ്റ്റ് ഹൌസ് റെയ്ഡ് ചെയ്തതാണ് നിർണായകമായത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരുന്ന മനോജ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇവിടെ പാർപ്പിച്ച് നടത്തിയ പീഡനമടക്കം എല്ലാം പുറത്തുവന്നത്. വിദ്യാഭ്യാസ സഹായത്തിൻ്റെയും ചാരിറ്റിയുടെയുമൊക്കെ മറവിലായിരുന്നു ഇത്. 2009 മേയ് മാസത്തിൽ രണ്ടു കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും കോടതി വിധിച്ചു. നീണ്ട ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ സന്തോഷ് പിന്നീട് കേരളത്തിൽ വലിയ ഇടപെടലുകള്‍ നടത്തിയില്ല.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് വിഐപി പരിഗണന ലഭിച്ചതും വിവാദമായി. ജയിലിലും ‘പൂജാരി’യാകാന്‍ ഇയാള്‍ ശ്രമിച്ചു. തട്ടിപ്പുകളുടെ പേരില്‍ സന്തോഷിന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കളെല്ലാം കണ്ടുകെട്ടിയെങ്കിലും ബിനാമി പേരില്‍ ജയിലിൽ നിന്ന് ഇടപാടുകള്‍ നടത്തിയെന്ന വാര്‍ത്തകളെത്തി. വി.എസ്.അച്യുതാനന്ദൻ്റെ മകൻ വി.എ.അരുൺ കുമാറിൻ്റെയും കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെയും പേരുകൾ സന്തോഷുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളിലെല്ലാം ഉയർന്നുവരികയും ചെയ്തു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് പരോളുകളും ചികിത്സക്കായി അവധികളും കിട്ടി. ഹൃദയാഘാതത്തിന് അക്കാലത്ത് ശസ്ത്രക്രിയയും നടത്തിയിരുന്നു. ജയിൽവാസത്തിന് ശേഷം പുറത്തുവന്ന സന്തോഷ് മാധവൻ്റെ പേര് കേരളത്തിൽ പിന്നീടൊരു ഇടപാടിലും കേട്ടില്ല. ജ്യോതിഷം പ്രാക്ടീസ് ചെയ്യാൻ കേരളത്തിന് പുറത്ത് ചില പുതിയ കേന്ദ്രങ്ങൾ തുടങ്ങിയതായാണ് ഒടുവിൽ കേട്ടത്.

Logo
X
Top