14കാരിയുടെ മീ ടൂവില്‍ കുടുങ്ങിയ ഗോകുലേന്ദ്രന്‍ വീണ്ടും പുകസ തലപ്പത്ത്; ആരോപണം തെളിഞ്ഞില്ലെന്ന് ന്യായീകരണം
പ്രായപൂര്‍ത്തി എത്തുംമുമ്പ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണ വിധേയനായ നേതാവിനെ വീണ്ടും സംസ്ഥാന സെക്രട്ടറിയാക്കി പുരോഗമനകലാ സാഹിത്യ സംഘം (പുകസ). കഴിഞ്ഞ ദിവസം കണ്ണൂരില്‍ സമാപിച്ച പുകസയുടെ യോഗത്തിലാണ് എ.ഗോകുലേന്ദ്രനെ വീണ്ടും സംസ്ഥാന സെക്രട്ടറിയാക്കിയത്. പ്രമുഖ സംവിധായകനും കെഎഫ്ഡിസി ചെയര്‍മാനുമായ ഷാജി.എന്‍.കരുണ്‍ ആണ് പുകസയുടെ പ്രസിഡന്റ്. ഷാജി.എം.കരുണിനെ പ്രസിഡന്റായി തിരഞ്ഞെടുത്ത അതേ യോഗമാണ് ഗോകുലേന്ദ്രനെയും സെക്രട്ടറിയാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത കാലത്ത് പുകസ വേദിയില്‍ കവിത അവതരിപ്പിക്കാന്‍ പോയപ്പോള്‍ അച്ഛന്റെ പ്രായമുള്ള ഗോകുലേന്ദ്രനില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടു എന്നാണ് യുവസാഹിത്യകാരിയായ പെണ്‍കുട്ടി ആരോപിച്ചത്.
2021 ഫെബ്രുവരിയാണ് പെണ്‍കുട്ടി ഗോകുലേന്ദ്രനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്. ഒന്നുമാകാതെ പോകുമ്പോള്‍ അതിന്റെ കാരണം ഓര്‍ത്ത് കരയാറുണ്ട് എന്ന് ഏറെ വൈകാരികമായി പറഞ്ഞാണ് പതിനാലാം വയസിലുണ്ടായ മോശം അനുഭവത്തെ കുറിച്ച് പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 2008ല്‍ കവിതാ സമാഹാരം പുറത്തിറങ്ങിമ്പോള്‍ പുകസയുടെ ക്യാമ്പുകളില്‍ സജീവമായി പങ്കെടുത്തിരുന്നു. ക്യാമ്പുകളില്‍ സ്ഥിരം വരുന്ന ചേച്ചിമാരും ചേട്ടന്മാരും….. ഓരോ ക്യാമ്പിനും വേണ്ടി ഞാന്‍ കാത്തിരിക്കുമായിരുന്നു… കവിത ചൊല്ലാന്‍ രണ്ട് വാക്ക് സംസാരിക്കാന്‍… എന്നാല്‍ പെട്ടെന്നാണ് ആ വേദികളില്‍ നിന്നും മാറി നിന്നത്. പലരും അതിനെ അഹങ്കാരമായി കണ്ടു. എന്നാല്‍ ഒരു കൊച്ചു കുട്ടി എന്തുകൊണ്ട് വേദികളെ ഭയക്കുന്നുവെന്ന് ആരും ചോദിച്ചില്ല. അതിന്റെ കാരണക്കാരന്റെ പേര് പറയുമ്പോള്‍ അറപ്പാണ്, അതിനേക്കാളുപരി ഭയവുമാണ്. ഗോകുലേന്ദ്രനില്‍ നിന്നുണ്ടായ മൂന്ന് മോശം അനുഭവങ്ങളാണ് പെണ്‍കുട്ടി പങ്കുവച്ചത്.
അമ്പലപ്പുഴയില്‍ നടന്ന ക്യാമ്പില്‍ നിന്നും മടങ്ങുന്ന വഴി വാഹനത്തിന്റെ തിരക്ക് മുതലെടുത്ത് ശരീരത്തില്‍ മോശമായ രീതിയില്‍ പലതവണ സ്പര്‍ശിച്ചു. ആകും വിധത്തില്‍ ഫയല്‍ കൊണ്ട് തടുത്തെങ്കിലും അത് തുടര്‍ന്നു. സമാനമായ അനുഭവം രണ്ട് പ്രിയപ്പെട്ട ചേച്ചിമാര്‍ ഇയാളെ പറ്റി അടക്കം പറയുന്നത് കേട്ടിരുന്നതായും പെണ്‍കുട്ടി കുറിച്ചു. ഇതുകൂടാതെ ഇയാളുടെ സ്വഭാവ വൈകൃതം വീണ്ടും പ്രകടമായ സംഭവം ഉണ്ടായെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഒരു കവിത ചൊല്ലിയപ്പോള്‍ ‘വിലപ്പെട്ടതെല്ലാം കവര്‍ന്നിട്ടും അവരെന്റെ ഹൃദയത്തെ ഉപേക്ഷിച്ചു’ എന്നൊരു വരിയുണ്ടായിരുന്നു. വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടോ എന്ന വഷളന്‍ ചോദ്യമാണ് ഗോകുലേന്ദ്രന്‍ ചോദിച്ചതെന്നാണ് പെണ്‍കുട്ടി ആരോപിച്ചത്.
മറ്റൊരു അവസരത്തില്‍ സെക്‌സ് ഒരു പാപമല്ല; കുഞ്ഞായിരുന്നപ്പോള്‍ ഒരു കന്യാസ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, അതിലൊന്നും ഒരു അസ്വഭാവികത ഇല്ലായെന്നും പറഞ്ഞത് ഒരു ബുക്ക് സ്റ്റാള്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ചായിരുന്നു. ഗോകുലേന്ദ്രന്റെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞുള്ള അതിദീര്‍ഘമായ കുറിപ്പാണ് പെണ്‍കുട്ടി അന്ന് പുറത്തുവിട്ടത്. പോക്‌സോ കേസെടുത്ത് ജയിലില്‍ അടക്കേണ്ട ആളെയാണ് പുരോഗമനകലാ സാഹിത്യ സംഘം സെക്രട്ടറിയായി വീണ്ടും അവരോധിച്ചിരിക്കുന്നത്. ഇതിന് ന്യായീകരണങ്ങള്‍ പലതാണ്.
“വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ പുകസ പ്രശ്നം അന്വേഷിച്ചിരുന്നു. സമിതി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ ഗോകുലേന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു. നടപടിയുമായി മുന്നോട്ടു പോകേണ്ടതില്ലാ എന്നാണ് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് നടപടി ഒഴിവായത്.” – പുകസ സംഘടനാ സെക്രട്ടറി എം.കെ.മനോഹരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
“ഗോകുലേന്ദ്രനെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ ഡോ.എ.ജി.ഒലീന, സുലേഖ എന്നിവരൊക്കെ അടങ്ങുന്ന കമ്മിറ്റിയെയാണ് പുകസ നിയോഗിച്ചത്. എന്നാല്‍ ഗോകുലേന്ദ്രനെ കുറ്റവിമുക്തനാക്കിയാണ് റിപ്പോര്‍ട്ട് വന്നത്. അതുകൊണ്ടാണ് തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നത്.” – പുകസ സെക്രട്ടറി സുജ സൂസന്‍ ജോര്‍ജ്ജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ഈ റിപ്പോര്‍ട്ട് പുകസയില്‍ തന്നെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. റിപ്പോര്‍ട്ട് പുകസ പുറത്തുവിടുകയും ചെയ്തിട്ടില്ല. ആരോപണവിധേയനെ രക്ഷിക്കാനുള്ള നീക്കമാണ് അന്ന് തന്നെ സംഘടനയ്ക്കുള്ളില്‍ നടന്നത്. പൊതുമണ്ഡലത്തില്‍ വിവാദം ചര്‍ച്ചയായിരിക്കെ റിപ്പോര്‍ട്ട് പൊതുമധ്യത്തില്‍ കൊണ്ടുവരാന്‍ പുകസ തയ്യാറായതേയില്ല. ചെറിയ കുട്ടിയോട് കാട്ടിയ അതിക്രമത്തിൽ ഇയാളെ സംരക്ഷിക്കുന്നത് ശരിയല്ലെന്ന് സംഘടനയ്ക്കുള്ളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. മാധ്യമ സിന്‍ഡിക്കറ്റ് പ്രതികരണം തേടിയപ്പോള്‍ മാത്രമാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നുവെന്നും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നുമുള്ള വിശദീകരണം വന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സിനിമയിലെ ലൈംഗിക അതിക്രമങ്ങള്‍ പുറത്തുവരുകയും അത് സാംസ്കാരിക മേഖലയെ പിടിച്ചുകുലുക്കുകയുമാണ്. നടനും എംഎല്‍എയുമായ മുകേഷ്, ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്ത്, നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, മണിയന്‍പിള്ളരാജു എന്നിവര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ആരോപണങ്ങളെ തുടര്‍ന്ന് സിദ്ദിഖ് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനവും രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്. മറ്റ് നടന്മാര്‍ക്ക് എതിരെയും ഇനിയും കേസുകള്‍ വരുമെന്ന സൂചനയുമുണ്ട്.
മുകേഷിന്റെ രാജി ആവശ്യത്തിനായി സിപിഎമ്മില്‍ സമ്മര്‍ദവും ശക്തമായിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ തന്നെയാണ് സിപിഎമ്മിന്റെ സാംസ്കാരിക മുഖമായ പുകസയില്‍ മീ ടൂ ആരോപണം നേരിട്ട ഗോകുലേന്ദ്രൻ വീണ്ടും നേതൃനിരയിലേക്ക് എത്തുന്നത് എന്നതാണ് ശ്രദ്ധേയം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here