സ്വര്‍ണക്കടത്ത് ബന്ധമുള്ള സിപിഎം അംഗത്തെ പുറത്താക്കി; സജീഷ് അര്‍ജുന്‍ ആയങ്കിയുടെ അടുപ്പക്കാരന്‍
സിപിഎമ്മിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന മനു തോമസിന്റെ ആരോപണം പുകയവേ സ്വര്‍ണക്കടത്ത് ബന്ധമുള്ളവര്‍ക്ക് എതിരെ പാര്‍ട്ടി നടപടി തുടങ്ങി. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ബ്രാഞ്ച് അംഗത്തെയാണ് സിപിഎം പുറത്താക്കിയത്. കണ്ണൂര്‍ എരമം സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ സജീഷിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള അര്‍ജുന്‍ ആയങ്കിയുടെ സംഘവുമായി ബന്ധമുള്ളയാളാണ് സജീഷ്.
പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെയുള്ള ഒരു ഓപ്പറേഷനില്‍ സജീഷ് പങ്കെടുത്തിരുന്നു. ഇതിനായി ഒരു വീട് വളഞ്ഞപ്പോള്‍ നാട്ടുകാര്‍ സജീഷിനെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് സജീഷും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം പുറത്തെത്തുന്നത്.
സ്വര്‍ണം കടത്തിയത് വിമാനക്കമ്പനി ജീവനക്കാരിയാണെന്ന് സൂചനയുണ്ട്. ഇവരുടെ വീടാണ് സംഘം വളഞ്ഞത്. സംഭവം പുറത്തുവന്നതോടെ പാര്‍ട്ടി നേതാക്കള്‍ തന്നെ സജീഷിനെ കുറിച്ചുള്ള വിവരം ജില്ലാ നേതൃത്വത്തിന് കൈമാറുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here