ഒഴിയാബാധ പോലെ പിണറായിക്ക് നേരെ മഞ്ഞലോഹ കള്ളക്കടത്ത് ആരോപണങ്ങൾ; വിവാദങ്ങളുടെ സ്വർണം ഉരുകുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്

പിണറായി വിജയൻ സർക്കാരിൻ്റെ കഴിഞ്ഞ എട്ടു വർഷത്തെ ഭരണത്തിനിടയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കേട്ടുകേൾവി ഇല്ലാത്ത വിധത്തിലുള്ള ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും, രണ്ടാമൂഴത്തിൽ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമാണ് ആരോപണ വിധേയർ. രണ്ട് പേർക്കുമെതിരെ ഉയര്‍ന്നത് സ്വർണക്കടത്ത് ആരോപണങ്ങൾ. അങ്ങനെ കനകം മൂലം സർക്കാർ ഹലാക്കിലായി.

രാജ്യത്തെ മറ്റൊരു സർക്കാരും നേരിടാത്ത ആക്ഷേപങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്നത്. രാജ്യദ്രോഹക്കുറ്റത്തിൻ്റെ പട്ടികയിലുള്ള സ്വർണക്കള്ളക്കടത്ത് എന്ന ഗുരുതര കുറ്റമാണ് ചാർത്തിയത്. ഒന്നാം ഘട്ടത്തിൽ പ്രതിപക്ഷവും രണ്ടാം ഘട്ടത്തിൽ ഭരണപക്ഷ എംഎൽഎയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയത്.

എം ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിന് പുറമെ ഐടി സെക്രട്ടറിയുടെ പദവിയും വഹിച്ചിരുന്നു. പിണറായിയുടെ തേരാളിയും പോരാളിയുമായിരുന്നു അദ്ദേഹം . തിരുവിതാംകൂറിലെ പഴയ ദിവാൻ സർ സിപിയുടെ റോളാണ് ശിവശങ്കർ വഹിച്ചിരുന്നത്. സർക്കാരുമായി വേണ്ട കരാറുകൾ, കച്ചവടങ്ങൾ, എന്തുമേതും പ്രിൻസിപ്പൽ സെക്രട്ടറിയാണ് തീരുമാനിച്ചിരുന്നത്. അമേരിക്കൻ കമ്പനിയായ സിപ്രിംഗ്ലറുമായി താൻ നേരിട്ടാണ് കരാർ ഒപ്പിട്ടതെന്ന് ശിവശങ്കർ വെളിപ്പെടുത്തിയിരുന്നു.

അതിനിടയിൽ ദുബായ് കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ചേർന്ന് വിമാനത്താവളം വഴി സ്വർണക്കളളക്കടത്തിലും പങ്കാളിയായി. അദ്ദേഹത്തിന് കൂട്ടായി കോൺസുലേറ്റ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷും. പ്രിൻസിപ്പൽ സെക്രട്ടറിയും അന്യരാജ്യത്തെ ഉദ്യോഗസ്ഥരും ഒത്തുചേർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി സകല തട്ടിപ്പു നടത്തിയിട്ടും പിണറായി ഒന്നും അറിഞ്ഞില്ലെന്നാണ് അണികളും ന്യായീകരണ തൊഴിലാളികളും ആവർത്തിച്ചു പറയുന്നത്.

സ്വർണക്കടത്തിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി ക്ഷണിച്ചു വരുത്തി. പിന്നാലെ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വപ്ന സുരേഷും അകത്തായി. കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ ഒരു ഘട്ടമെത്തിയപ്പോൾ സ്വിച്ചിട്ടപോലെ നിന്നു. കേന്ദ്ര- കേരള സർക്കാരുകൾ തമ്മിൽ ഒത്തുകളിച്ച് അന്വേഷണം ഐസ് പെട്ടിയിലാക്കി എന്നാണ് അതില്‍ ഉയരുന്ന ആരോപണം. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യങ്ങളുടെ ആനുകൂല്യം കൂടി മുതലെടുത്ത് പിണറായി വീണ്ടും അധികാരത്തിൽ വന്നു.

രണ്ടാമൂഴത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സർവാധികാരിയായി പി ശശി എത്തി. സദാചാര വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ പാർട്ടിയില്‍ നിന്ന് ഒരിക്കൽ പുറത്തായ ആളാണ് ശശി. പിണറായി നേരിട്ട് അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചെടുത്ത് പൊളിറ്റിക്കൽ സെക്രട്ടറി കസേരയിൽ അവരോധിച്ചു. ഇപ്പോള്‍ ശശിക്കെതിരെയും സ്വർണക്കള്ളടത്ത് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് ഭരണ മുന്നണി എംഎല്‍എയായ പിവി അൻവറാണ്.

ശശിയും എഡിജിപി അജിത് കുമാറും ചേർന്ന് കരിപ്പൂർ വിമാനത്താവളം വഴി വരുന്ന സ്വർണം തട്ടിയെടുക്കുന്നു. ശശി കാട്ടുകള്ളനാണ്, അജിത്ത് നൊട്ടോറിയസ് ക്രിമിനലാണ് എന്നൊക്കെയുള്ള ഗുരുതര ആക്ഷേപങ്ങളാണ് അൻവർ ഉന്നയിച്ചത്. ഈ ആക്ഷേപങ്ങളുടെ കുന്തമുന മുഖ്യമന്ത്രിയിലേക്കാണ് അൻവർ തിരിച്ചുവച്ചത്. ‘മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ശിവശങ്കറും സ്വപ്നയും ചേർന്ന് സ്വർണക്കടത്ത് നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേ’ എന്നാണ് അൻവർ ചോദിച്ചത്.

പിണറായി വിജയൻ ഒരു കഴിവുകെട്ട മുഖ്യമന്ത്രി ആണെന്നാണ് അൻവർ തെളിച്ച് പറയുന്നത്. ക്രിമിനലായ എഡിജിപി അജിത് കുമാർ നൽകുന്ന വാറോല വായിക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നാണ് അൻവർ പറയുന്നത്. ശശിയും അജിത്തും മന്ത്രി റിയാസും ചേർന്ന് ഭരണം ഹൈജാക്ക് ചെയ്തിരിക്കയാണെന്ന ആക്ഷേപം പാർട്ടി സമ്മേളന കാലത്ത് അണികളെ ചൂട് പിടിപ്പിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top