സ്വര്‍ണക്കടത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടമായ വര്‍ഷം; 2023ല്‍ മുന്നില്‍ മഹാരാഷ്ട്ര; മലയാളികള്‍ കടത്തിയത് 542 കിലോ

ഡല്‍ഹി : കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്ന കേസുകള്‍ 2023ല്‍ കുറഞ്ഞതായി കണക്ക്. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് സ്വര്‍ണക്കടത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം പിന്നോട്ടുപോയെന്ന് വ്യക്തമാകുന്നത്. ഇത് പക്ഷെ ശുഭസൂചനയായി കാണാനാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പരിമിതമായ അംഗബലമുള്ള കസ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് പിടികൂടുന്ന കേസുകളുടെ കണക്ക് മാത്രമാണിത്. ഇവരുടെ വലകള്‍ മുറിച്ച് ഇതിന്റെ പലമടങ്ങ് സ്വര്‍ണം പുറത്തുപോകുന്നുണ്ട് എന്നത് വ്യക്തമാണ്.

2020 മുതല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണകടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് കേരളത്തിലായിരുന്നു. 2023ല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഇതിലാണ് കേരളം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 728 കേസുകളാണ് 2023 ഒക്ടോബര്‍ വരെ കേരളത്തില്‍ പിടികൂടിയത്. ഈ കേസുകളിലെല്ലാമായി 542.36 കിലോ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. കേസുകളുടെ എണ്ണത്തില്‍ 2023ല്‍ ഒന്നാമത് എത്തിയത് മഹാരാഷ്ട്രയാണ്. ഇവിടെ 1357 കേസുകളിലായി 997.51 കിലോ സ്വര്‍ണ്ണമാണ് പിടിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുളള തമിഴ്നാട്ടില്‍ 894 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 498.84 കിലോ സ്വര്‍ണ്ണം മാത്രമാണ് പിടികൂടിയിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി തിരുച്ചി ശിവയുടെ ചോദ്യത്തിന് കേന്ദ്ര ധനമന്ത്രാലയം നല്‍കിയ മറുപടിയിലൂടെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. 2023 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സ്വര്‍ണ്ണകടത്ത് കേസുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കാണാം. 4798 കേസുകളിലായി 3917.52 കിലോ സ്വര്‍ണ്ണമാണ് കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ പിടിച്ചിരിക്കുന്നത്.

2020ല്‍ കേരളത്തില്‍ 672 കേസുകളിലായി 406.39 കിലോ സ്വര്‍ണമാണ് പിടികൂടിയത്. 2021ല്‍ കേസുകളുടെ എണ്ണം കൂടി, 738 ആയി; പിടികൂടിയത് 596.95 കിലോ സ്വര്‍ണ്ണം. 2022ലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 1035 കേസുകളിലായി 755.81 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. ഈവര്‍ഷം ഇനി അവസാന രണ്ട് മാസത്തെ കണക്കുകള്‍ കൂടി പുറത്തുവരാവനുണ്ട്. അത് കൂടി വരുമ്പോള്‍ ഒരുപക്ഷെ മുന്‍ വര്‍ഷങ്ങളിലേത് പോലെ കേരളം ഒന്നാമത് എത്തിയെന്നും വരാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top