തൃശ്ശൂരിൽ മൂന്നരക്കിലോ സ്വർണം കവർന്നു, ഏഴുപേർ പിടിയിൽ, ഒന്നാംപ്രതി കടയിലെ മുൻ ജീവനക്കാരൻ
തൃശ്ശൂർ: കൊക്കാലയിലെ ജ്വല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ കവർച്ച നടത്തിയ ഏഴ് പ്രതികൾ അറസ്റ്റിലായി. തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസാണ് പ്രതികളെ പിടിച്ചത്ത്. ഈ മാസം എട്ടിന് തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം. മാർത്താണ്ഡത്തെ സ്വർണാഭരണ ശാലകളിലേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുപോയ 1.80 കോടി രൂപ വിലവരുന്ന 3152 ഗ്രാം തൂക്കമുള്ള സ്വർണാഭരണമാണ് പ്രതികൾ കവർന്നത്ത്.
ഒന്നാംപ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടിൽ ബ്രോൺസൺ (33), തൊട്ടിപ്പാൾ തൊട്ടാപ്പിൽ പുള്ളംപ്ലാവിൽ വിനിൽ (23), മണലൂർ കാഞ്ഞാണി മോങ്ങാടി വീട്ടിൽ അരുൺ (29), അരിമ്പൂർ മനക്കൊടി കോലോത്തുപറമ്പിൽ നിധിൻ, മണലൂർ കാഞ്ഞാണി പ്ലാക്കൽ മിഥുൻ (23), കാഞ്ഞാണി ചാട്ടുപുരയ്ക്കൽ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടിൽ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതി ബ്രോൺസൺ മുൻപ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കമ്മീഷൻ വ്യവസ്ഥയിൽ സ്വർണാഭരണങ്ങൾ വിതരണം ചെയ്തിരുന്നത്. 15 ലക്ഷം രൂപയോളം സ്ഥാപനത്തിൽ നിന്നും ഇയാൾക്കു കിട്ടാനുണ്ടെന്നാണ് പറയുന്നത്. ചില പ്രശ്നങ്ങൾ മൂലം ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നു. പണം ലഭിക്കാത്തതിനുള്ള വൈരാഗ്യത്തിലാണ് ജ്വല്ലറിയിൽ നിന്ന് കൊണ്ടുപോയ സ്വർണാഭരണം തട്ടിയെടുത്തത്.
കേസിലെ പ്രധാന സൂത്രധാരന്മാരായ നിഖിൽ (32), ജിഫിൻ എന്നിവരെയും ഇവർക്ക് സഹായം ചെയ്ത കണ്ടാലറിയാവുന്ന മറ്റ് നാലുപേരെയും പിടികൂടാനുണ്ട്.
നിഖിൽ, ജെഫിൻ എന്നിവരുമായി ചേർന്ന് സ്വർണം തട്ടിയെടുക്കാൻ ബ്രോൺസൺ പദ്ധതി തയ്യാറാക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ ഏതെല്ലാം ദിവസങ്ങളിൽ ഏതെല്ലാം സമയത്താണ് കൊണ്ടുപോയിരുന്നതെന്ന് ഇയാൾക്ക് അറിയാമായിരുന്നു. അറസ്റ്റിലായ പ്രതികൾക്ക് കുറ്റകൃത്യത്തിന് സഹായം ചെയ്തവരും വാഹനങ്ങൾ ഏർപ്പാടാക്കിയവരുമാണ് പിടിയിലായത്ത്. ഇവർ ഉപയോഗിച്ച അഞ്ച് വാഹനങ്ങളും കസ്റ്റഡിയില്ലെടുത്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ആറാം പ്രതി നിധിൻ മുൻപ് കൊലക്കേസിലും ഒമ്പതാംപ്രതി രാജേഷ് കവർച്ച കേസിലും പ്രതികളാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here