കുതിരാനിൽ കാർ തടഞ്ഞുനിർത്തി സ്വർണം കൊള്ളയടിച്ചു; ഹൈവേ കവർച്ചയിൽ നഷ്ടപ്പെട്ടത് രണ്ടരകിലോ
തൃശൂര്‍ കുതിരാനു സമീപം ദേശീയപാതയിലാണ് സ്വര്‍ണ വ്യാപാരിയെ കൊള്ളയടിച്ചത്. വ്യാപാരിയേയും സുഹൃത്തിനെയും മൂന്ന് കാറുകളിലെത്തിയ പത്തംഗം സംഘം ആക്രമിക്കുകയായിരുന്നു. രണ്ടര കിലോ സ്വര്‍ണം കവര്‍ന്നു. തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശി അരുണ്‍ സണ്ണിയും സുഹൃത്ത് പോട്ട സ്വദേശി റോജി തോമാസുമാണ് ആക്രമിക്കപ്പെട്ടത്.
സ്വര്‍ണ വ്യാപാരിയായ അരുണ്‍ കോയമ്പത്തൂരില്‍ പണി കഴിപ്പിച്ച സ്വര്‍ണവുമായി തൃശൂരിലേക്ക് വരികയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. രണ്ട് ഇന്നോവ, ഒരു റെനോ ട്രൈബര്‍ എന്നീ കാറുകളിലാണ് കവര്‍ച്ചാസംഘം എത്തിയത്. ഇവര്‍ അരുണിന്റെ കാറിനെ എല്ലാവശത്തു നിന്നും വളയുകയായിരുന്നു. കാര്‍ നിര്‍ത്തിയതോടെ കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു.
മുഖം മറച്ചു എത്തിയ സംഘം ഇരുവരേയും മറ്റൊരു കാറിലേക്ക് മാറ്റിയ ശേഷമാണ് സ്വര്‍ണവും കാറും കവര്‍ന്നത്. അരുണ്‍ സണ്ണിയെ പുത്തൂരില്‍ റോജി തോമസിനെ പാലിയേക്കരയിലും ഇറക്കിവിട്ടു. സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പീച്ചി പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here