ബാദലിന് നേരെ വെടിയുതിര്‍ത്ത ചൗരയ്ക്ക് പാക് ബന്ധമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍; സുവര്‍ണ ക്ഷേത്രത്തിലെ വെടിവയ്പില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്

സുവര്‍ണ ക്ഷേത്രത്തില്‍ വെച്ച് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ നടന്ന വെടിവയ്പ് രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമിടുന്നു. കോണ്‍ഗ്രസും അകാലിദളും പഞ്ചാബ് ഭരിക്കുന്നഎഎപിക്ക് എതിരെ രംഗത്തു വന്നിട്ടുണ്ട്.

മതശിക്ഷയുടെ ഭാഗമായി സുവർണ ക്ഷേത്ര കവാടത്തിൽ സേവനമനുഷ്ഠിക്കുമ്പോള്‍ ആണ് ബാദലിന് നേരെ വെടിവയ്പ്പ് നടന്നത്. ബബ്ബർ ഖൽസ ഇൻ്റർനാഷണലുമായി ബന്ധമുള്ള   നരെയ്ൻ സിങ് ചൗരയാണ് വെടിയുതിര്‍ത്തത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ കീഴ്പ്പെടുത്തി പോലീസിന് കൈമാറിയത്.

സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ഉത്തരവ് അനുസരിച്ചാണ് സുവര്‍ണക്ഷേത്ര കവാടത്തിന് മുന്നില്‍ കുന്തവുമായി സുഖ്ബീർ സിംഗ് ബാദല്‍ കാവലിരുന്നത്. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം എന്നും നിര്‍ദേശിച്ചിരുന്നു. 2007-2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ പിഴവുകള്‍ക്കാണ് ബാദലിന് ശിക്ഷ വിധിച്ചത്.

ബാദല്‍ വധശ്രമത്തില്‍ ഗൂഡാലോചന പരാജയപ്പെട്ടെന്നാണ് പോലീസിനെ പ്രശംസിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞത്. എന്നാല്‍ ശിരോമണി അകാലിദളും കോണ്‍ഗ്രസും എഎപിയെയാണ് ഉന്നമിടുന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് അകാലിദൾ ആവശ്യപ്പെട്ടത്. സംഭവം എഎപി സര്‍ക്കാരിന്റെ അനാസ്ഥയുടെ ഫലമാണെന്നാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ കുറ്റപ്പെടുത്തിയത്.

ബാദലിന് നേരെ വെടിയുതിര്‍ത്ത നരെയ്ൻ സിങ് ചൗരയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാക് ബന്ധം സംശയിക്കുന്നു എന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പ്രതികരിച്ചത്. ചൗരയുടെ പക്കൽ ഉണ്ടായിരുന്നത് അത്യാധുനിക 9 എംഎം പിസ്റ്റൾ ആണ്. അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോൺ വഴി പാകിസ്ഥാൻ അയക്കുന്ന ആയുധങ്ങളില്‍ ഉള്‍പ്പെടുന്നതാണിത്.

1984ൽ പാകിസ്ഥാനിലേക്ക് കടന്ന ചൗര പഞ്ചാബിലേക്ക് വൻതോതിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്‌. നേരത്തെ പഞ്ചാബിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബുറൈൽ ജയിൽ ചാടിയ കേസിലും ഇയാൾ പ്രതിയായിരുന്നു. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ ഘാതകർ ഉൾപ്പെടെ നാല് തടവുകാർ ജയിലില്‍ തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട ബുറൈൽ ജയിൽചാട്ട കേസ് അന്ന് വന്‍ വിവാദമായിരുന്നു. അമൃത്‌സർ, തരൺ തരൺ, റോപ്പർ ജില്ലകളിലായി പത്തോളം കേസുകളും ചൗരയ്‌ക്കെതിരെയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top