യുകെയില്‍ ഗൊണോറിയ വ്യാപകം; ആൻ്റിബയോട്ടിക്കുകള്‍ ഫലം കാണുന്നില്ല; ആരോഗ്യ കേന്ദ്രങ്ങൾ ആശങ്കയിൽ
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഗൊണോറിയ (Gonorrhea) രോഗം ആൻ്റിബയോട്ടിക് മരുന്നുകൾ കൊണ്ട് പ്രതിരോധിക്കാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ വിദഗ്ധർ. ഭാവിയിൽ ഇത് രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടായേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം മാത്രം യുകെയിൽ 85,000 ഗൊണേറിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 1918നുശേഷം ഇത്രയേറെ കേസുകൾ ഉണ്ടാകുന്നത് ഇതാദ്യമാണെന്ന് ‘ഗാർഡിയൻ പത്രം’ റിപ്പോർട്ട് ചെയ്യുന്നു.
ഗൊണോറിയ രോഗം പിടിപെടുന്നവർ സാധാരണയായി ആൻ്റി ബയോട്ടിക് മരുന്നുകൾ കൊണ്ട് സുഖം പ്രാപിക്കാറുണ്ട്. സെഫ്ട്രിയാക്സോൺ (Ceftriaxone) ഇൻജെക്ഷൻ ആണ് ഇതിൽ പ്രധാനം. എന്നാൽ ഈയടുത്ത കാലത്ത് രോഗം പിടിപെട്ടവരിൽ പലരിലും ഇത് ഫലപ്രദമായില്ല. ഗൊണോറിയ രോഗവാഹകരായ ബാക്ടീരിയകൾ മരുന്നിനെ അതിജീവിക്കാൻ അപകടകരമായ വിധത്തിൽ ശേഷി നേടിയെന്നാണ് ഇത് തെളിയിക്കുന്നത്.
ഇംഗ്ലണ്ടിൽ ഈ രോഗം പിടിപെട്ടിരിക്കുന്നത് 20 വയസുകാരായ യുവതീ, യുവാക്കളിലാണ്. സ്വവർഗാനുരാഗികളിലും, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിലുമാണ് രോഗം വ്യാപകമായി പടർന്നിരിക്കുന്നത്. ഇവരിൽ തന്നെ വിദേശയാത്ര നടത്തിയവരിലാണ് രോഗബാധ ഏറെയും കാണപ്പെട്ടത്. എന്നാൽ വിദേശത്ത് പോകാത്തവർക്കും രോഗബാധ ഉണ്ടായെന്ന് പൊതുജനാരോഗ്യ ഏജൻസിയായ യുകെ ഹെൽത്ത് സെക്യൂരിറ്റിയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പൊതുജനാരോഗ്യ ഏജൻസി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിലാണ് സെഫ്ട്രിയാക്സോൺ മരുന്നു കൊണ്ട് ഗൊണോറിയയെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2022 ജൂണിനും 2024 മെയ് മാസത്തിനുമിടയിൽ ഇത്തരം 15 കേസുകൾ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം പൂർണമായി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്ര വ്യാപകമായി പടർന്നുപിടിക്കുന്ന രോഗം ചികിത്സിച്ച് ഭേദമാക്കാനാവാത്ത അവസ്ഥയിലേക്ക് പോകുമെന്ന കടുത്ത ആശങ്കയിലാണ് ഇംഗ്ലണ്ടിലെ ആരോഗ്യ കേന്ദ്രങ്ങൾ. ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് മാത്രമാണ് മുൻകരുതലെന്ന നിലയിൽ ചെയ്യാൻ കഴിയുന്നത്. നെസ്സെറിയ ഗൊണോറിയ (Neisseria gonorrheae) എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. മനുഷ്യശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലെ ചൂടും ഈർപ്പവുമുള്ള സാഹചര്യത്തിലാണ് രോഗാണുക്കൾ പടരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here