എഐയിൽ ഞെട്ടിക്കാൻ ഗൂഗിൾ; ചാറ്റ് ജിപിടിക്ക് വെല്ലുവിളിയുമായി ജെമിനി അപ്ഡേഷൻ
നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയിൽ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിക്ക് വെല്ലുവിളി ഉയർത്തി പുതിയ അപ്ഡേറ്റുമായി ഗൂഗിൾ. ഗൂഗിളിൻ്റെ ചാറ്റ് ബോട്ടായ ബാർഡിലാണ് ‘ജെമിനി’ എന്ന പേരിൽ ഏറ്റവു പുതിയ അപ്ഡേഷൻ എത്തുന്നത്. അള്‍ട്ര, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ജെമിനി അപ്ഡേഷനുണ്ടാവുക. മൊബൈല്‍ ഫോണുകളില്‍ മുതല്‍ ഡാറ്റാ സെന്ററുകളില്‍ വരെ പ്രവര്‍ത്തിക്കും വിധമാണ് ഇത് ഗൂഗിൾ പുതിയ അപ്ഡേഷൻ തയ്യാറാക്കിയിരിക്കുന്നത് .
നിരവധി പരിശോധനകള്‍ക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് ഗൂഗിള്‍ ജെമിനി അപ്ഡേഷൻ അവതരിപ്പിക്കുന്നത്. കമ്പനി എട്ട് പരിശോധനകളില്‍ ആറെണ്ണത്തില്‍ ചാറ്റ് ജിപിടി 3.5 നെ ജെമിനി പിന്തള്ളിയെന്നാണ് കമ്പനിയുടെ അവകാശവാദം. മാസീവ് മള്‍ട്ടി ടാസ്‌ക് ലാംഗ്വേജ് അണ്ടര്‍സ്റ്റാൻ്റിംഗ് ടാസ്‌കുകളിലും ജെമിനി ജിപിടി 3.5 നെ മറികടന്നു. സ്‌കൂള്‍ തലത്തിലുള്ള ഗണിത വിശകലനം നടത്തുന്ന ജിഎസ്എം 8കെ എന്ന പരിശോധനയിലും ജെമിനി മികച്ച പ്രകടനമാണ് നടത്തിയതെന്ന് ഗൂഗിൾ വൃത്തങ്ങൾ പറയുന്നു.
പുതിയ അപ്ഡേഷൻ എത്തുന്നതോടുകൂടി വിവിധ ഭാഷകൾ വഴിയുള്ള നിർദേശം കൈകാര്യം ചെയ്യുന്നതിലും തിരിച്ചറിയുന്നതിനുമുള്ള ബാർഡിൻ്റെ കഴിവ് മെച്ചപ്പെടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ജെമിനി പ്രോ ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്ത ബാര്‍ഡ് ആദ്യം ഇംഗ്ലീഷിലാണ് ലഭ്യമാകുന്നത്. 2024-ൽ 170 രാജ്യങ്ങളില്‍ അഡ്വാൻസ്ഡ് ബാർഡ് ലഭിക്കും. മറ്റ് ഭാഷകളിലും വൈകാതെ അപ്ഡേഷൻ അവതരിപ്പിക്കാനാണ് ഗൂഗിളിൻ്റെ തീരുമാനം.
ഇമേജുകൾ, വീഡിയോകള്‍, ശബ്ദം, കോഡ് എന്നിവയെല്ലാം ജെമിനിക്ക് തിരിച്ചറിയാനാകും. ലഭിക്കുന്ന നിർദേശ വിശകലനം ചെയ്യാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ജെമിനിക്ക് സാധിക്കും. രണ്ട് ഘട്ടങ്ങളായാണ് ബാര്‍ഡില്‍ ജെമിനിയുടെ മൂന്ന് അപ്‌ഡേറ്റുകൾ എത്തുന്നത്. തുടക്കത്തില്‍ പ്രത്യേകമായി ഒരുക്കിയ ജെമിനി പ്രോ വേര്‍ഷന്‍ ഉപയോഗിച്ചാണ് ബാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യുക. അടുത്തവര്‍ഷം ബാര്‍ഡ് അഡ്വാന്‍സ്ഡ് അവതരിപ്പിക്കും. പിന്നീട് ഇത് ജെമിനി അള്‍ട്ര ഉപയോഗിച്ചുള്ള അപ്‌ഗ്രേഡാക്കി മാറ്റാനാണ് ഗൂഗിളിൻ്റെ നീക്കം.
Also Read: ഗൂഗിൾ പേ ഇനി സൗജന്യമല്ല; റീചാർജ് ചെയ്യാൻ അധിക തുക ഈടാക്കി തുടങ്ങി
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here