ഗൂഗിൾമാപ്പ് വഴിതെറ്റിച്ചുവെന്ന് വീണ്ടും പരാതി; പുഴയിൽ വീണ കാറിൽ നിന്ന് അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

വഴിതെറ്റിയെന്ന സംശയത്തിൽ രാത്രിയിൽ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചവർ കാറോടെ പുഴയിൽ പതിച്ചു. തിരുവില്വാമലയിൽ സമീപം എഴുന്നള്ളത്തു കടവ് തടയണയിൽ രാത്രി എട്ടുമണിയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ മന്താരത്തൊടി വീട്ടിൽ ബാലകൃഷ്ണൻ, സദാനന്ദൻ, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരാണ് രക്ഷപ്പെട്ടത്.
കുത്താമ്പുള്ളിയിൽ നിന്നും കൈത്തറി തുണികളും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങിയ കുടുംബമാണ് അപകടത്തിൽപെട്ടത്. തിരുവില്വാമല ഭാഗത്തുനിന്ന് പുഴയിലെ തടയണയിലേക്ക് ഇറങ്ങിയ ഉടൻ കാർ നിയന്ത്രണം തെറ്റി പുഴയിലേക്ക് പതിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു കാറിലെത്തിയ ഇവരുടെ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് പുഴയിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
കരയിൽ നിന്ന് ഏതാണ്ട് 30 മീറ്ററോളം മാറിയാണ് കാർ പതിച്ചത്. കാർ വീണ ഭാഗത്ത് പുഴയിൽ അഞ്ചടിയോളം മാത്രമെ വെള്ളം ഉണ്ടായിരുന്നുള്ളു എന്നത് രക്ഷയായി. പഴയന്നൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ അതിനു മുമ്പേ എല്ലാവരെയും രക്ഷിച്ചിരുന്നു. മുൻപും ഈ ഭാഗത്ത് ഇത്തരം അപകടങ്ങൾ നടന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here