ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു; മറിഞ്ഞത് പുഴയിലേക്ക്; അഞ്ച് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി; കാര്‍ ഉയര്‍ത്താനുള്ള ശ്രമം തുടരുന്നു

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി കാര്‍ യാത്ര നടത്തിയ സംഘം തോട്ടിൽ വീണു. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ഇന്നലെ പുലർച്ചെയോടെയാണ് അപകടം. ഹൈദരാബാദിൽ നിന്നെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.
കനത്ത മഴയായതിനാല്‍ തോട്ടില്‍ നിറയെ വെള്ളമുണ്ടായിരുന്നു. 150 മീറ്ററോളം കാര്‍ ഒഴുകിപ്പോയി. ചില്ല് തകര്‍ത്താണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. അപകട മുന്നറിയിപ്പ് ഒന്നും ഇവിടെ സ്ഥാപിച്ചിരുന്നില്ല. പല അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ ശ്രദ്ധിക്കാതെ ഓടിക്കുന്നത് അപകടങ്ങളിലേക്ക് വഴി തുറക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ പറവൂരില്‍ ഡോക്ടര്‍മാരുടെ സംഘം സഞ്ചരിച്ച കാര്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പുഴയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. രണ്ട് യുവ ഡോക്ടര്‍മാരാണ് ഈ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എആർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപ്രതിയിലെ ഡോക്റ്റർമാരായ കൊടുങ്ങല്ലൂരിലെ ഡോ. അജ്മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിയിൽ ഡോ. അദ്വൈത് (28) എന്നിവരാണു മരിച്ചത്.
പറവൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള എളുപ്പവഴി തേടി പോയതാണ് അന്ന് അപകടത്തില്‍പ്പെടാന്‍ കാരണം. ഗോതുരുത്തില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടിയിരുന്ന ഇവര്‍ കാര്‍ നേരേ ഓടിച്ചു പോവുകയായിരുന്നു. ഗൂഗിള്‍ മാപ്പ് നേരെ തന്നെയാണ് വഴി കാട്ടിയത്. സ്ഥലപരിചയമില്ലാത്തതിനാലാണ് അപകടം വരുത്തിയത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരം യാത്ര ദുരന്തമാകുമെന്ന് കോട്ടയത്ത് നടന്ന അപകടവും തെളിയിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here