പോലീസ് സംഘത്തിനു നേരെ ഗുണ്ടാ ആക്രമണം; രണ്ട് പോലീസുകാര്‍ക്ക് പരുക്ക്; 3 പേര്‍ അറസ്റ്റില്‍

പുളിക്കീഴ് : കടപ്രയിൽ പോലീസ് സംഘത്തിനു നേരെ ഗുണ്ടാ ആക്രമണം. 2പോലീസുകാർക്ക് പരുക്കേറ്റു. സംഭവത്തിൽ 3 പേർ അറസ്റ്റിൽ. വീടിനു നേരെ ആക്രമണം നടക്കുന്നെന്ന വിവരം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ഗുണ്ടാ ആക്രമണം നടന്നത്.

തൃക്കൊടിത്താനം മാമ്മൂട് പനത്തിൽ നിബിൻ ജോസഫ് (35), ഫാത്തിമാപുരം അമ്പാട്ട് ആർ. കണ്ണൻ (27), ഫാത്തിമപുരം പുതുപ്പറമ്പിൽ അൻസൽ റഹ്മാൻ (25) എന്നിവരാണ് പിടിയിലായത്. പുളിക്കീഴ് സ്റ്റേഷനിലെ സിപിഒമാരായ എം.എസ്.സന്ദീപ്, ജി.അനൂപ് എന്നിവർക്കാണ് പരുക്കേറ്റത്. സന്ദീപിന്റെ ഇടതു കൈവിരൽ ഒടിഞ്ഞു. പോലീസിനെ ആക്രമിച്ച സംഭവത്തിൽ നിബിൻ ജോസഫിന്റെ ഭാര്യാമാതാവ് കുമാരിയും (55) പ്രതിയാണ്.

പരുമല തിക്കപ്പുഴ മലയിൽ തോപ്പിൽ ജയന്റെ വീട്ടിൽ മാരകായുധങ്ങളുമായി മൂന്നംഗ സംഘം എത്തിയ വിവരമറിഞ്ഞാണ് ഞായർ വൈകിട്ട് പോലീസ് എത്തിയത്. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ പോലീസ് പിന്തുടർന്നപ്പോള്‍ ഇവർ ആക്രമണം നടത്തി. ഇതിനിടയിലാണ് 2 പേർക്കു പരുക്കേറ്റത്. നിബിനെ സംഭവസ്ഥലത്തു നിന്നു പിടിച്ചു. മറ്റു 2 പേർ രക്ഷപ്പെട്ടു. വീണ്ടും രാത്രി 10ന് കണ്ണനും അൻസലും ബൈക്കിൽ ജയന്റെ വീട് ആക്രമിക്കാനെത്തി. ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന എസ്ഐ ജെ. ഷെജിമിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടി.

നിബിനും കടപ്ര വളഞ്ഞവട്ടം സ്വദേശി നിഷാദും മാന്നാർ, കടപ്ര ഭാഗത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്നു. ഈ വിവരം പോലീസിനു നൽകിയതിന്റെ പേരിൽ ജയന്റെ മകൻ ജയസൂര്യയുമായി നിബിനുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് പുറത്ത് വിട്ട വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top