മതം പറഞ്ഞുളള മകന്റെ പ്രതിരോധവും ഏറ്റില്ല; ഗോപന്‍ സ്വാമിയുടെ കല്ലറ ഉടന്‍ പൊളിക്കും; സ്ഥലത്ത് വന്‍ പോലീസ് സന്നാഹം

നെയ്യാറ്റിന്‍കരയില്‍ മക്കള്‍ പിതാവിനെ സമാധി ഇരുത്തിയ സംഭവത്തില്‍ കല്ലറ ഉടന്‍ തുറക്കും. പുലര്‍ച്ചയോടെ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്. ഗോപന്‍ സ്വാമിയുടെ സമാധി കല്ലറയും വീടും എന്തിന് അവിടേക്കുള്ള വഴി പോലും ഇപ്പോള്‍ പോലീസ് നിയന്ത്രണത്തിലാണ്. നേരത്തെയുണ്ടായ പ്രതിഷേധം കണക്കിലെടുത്താണ് പോലീസ് കടുത്ത നിയന്ത്രണം. കല്ലറ പരിശോധിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഗോപന്‍ സ്വാമിയുടെ ഭാര്യയുടെ ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് പോലീസ് നീക്കംശക്തമാക്കിയത്.

ഹൈക്കോടതി വിധിക്ക് പിന്നാലെ മതം പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ മകന്‍ സനന്തന്‍ ശ്രമം നടത്തിയിരുന്നു. ഹൈക്കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട സനന്തന്‍ പറഞ്ഞത് ഹിന്ദു ആചാരങ്ങളിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുകയാണ്, ഒരു ക്ഷേത്രത്തിലെ ആചാരം തകര്‍ക്കാന്‍ നോക്കുകയാണ്, ക്ഷേത്രത്തിന് സമീപം ഭൂമിയുള്ള ഒരു മുസ്ലിം ആണ് ഈ നീക്കങ്ങള്‍ നടത്തുന്നത് എന്നായിരുന്നു. എന്നാല്‍ ഈ കേസിലെ പരാതിക്കാരന്‍ അയല്‍വാസിയായ വിശ്വംഭരന്‍ അല്ലെ. അയാള്‍ മുസ്ലിം അല്ലല്ലോ എന്ന ചോദ്യത്തോടെ ഈ ശ്രമം പാളി. വിശ്വ ഹിന്ദുപരിഷത്തുമായി ആലോചിച്ച് തുടര്‍ നടപടി എന്ന് പറഞ്ഞ് ഒഴിയുകായാണ് സനന്തന്‍ ചെയ്തത്.

ഇന്ന് പത്തു മണിക്ക് മുന്‍പ് തന്നെ കല്ലറ പൊളിക്കാനാണ് പോലീസ് തീരുമാനം. 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചു. കല്ലറ ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ചിട്ടുമുണ്ട്. ആര്‍ഡിഒ എത്തിയതിനു പിന്നാലെ കല്ലറ പൊളിക്കും.

ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന നല്‍കിയ ഹര്‍ജി പരിഗണിക്കവേ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നു ഹൈക്കോടതി ആരാഞ്ഞത്.. മരണസര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരും. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണ്. അന്വേഷണം തടയാനാവില്ല. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വാഭാവിക മരണമാണോയെന്നു തിരിച്ചറിയണമെന്നും ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

ജനുവരി ഒന്‍പതിന് ഗോപന്‍ സമാധിയായി എന്നാണ് കുടുംബം പറയുന്നത്. പിതാവിന്റെ നിര്‍ദേശപ്രകാരമാണ് മറ്റാരേയും അറിയിക്കാതെ സമാധിയിരുത്തിയത്. നാട്ടുകാരെ അറിയിക്കുന്നതിനാണ് പിറ്റേ ദിവസം ബോര്‍ഡ് വച്ചതെന്നുമാണ് മകന്‍ രാജസേനന്‍ പറയുന്നത്. 41 ദിവസത്തെ പൂജാ ചടങ്ങുകള്‍ ഉണ്ടെന്നും അതുവരെ സമാധി പൊളിക്കരുതെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top