മൃതദേഹം ഇരിക്കുന്ന നിലയില്‍; നിറയെ പൂജാദ്രവ്യങ്ങള്‍; സംശയം മാറണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം

നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ തുറന്നു. കല്ലറക്കുളളില്‍ നിന്നും ഒരു മൃതദേഹം ലഭിച്ചിട്ടുണ്ട്. ഗോപന്‍ സ്വമാിയുടെ കുടുംബം പറഞ്ഞതു പോലെ ഇരിക്കുന്ന നിലയിലയിലായിരുന്നു മ്യതദേഹമുള്ളത്. കല്ലറയില്‍ നിറയെ പൂജാദ്രവ്യങ്ങള്‍ നിറച്ചനിലയിലാണ്. പോലീസ് മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം മെഡിക്കല്‍ കോളജില്‍ നടത്താനാണ് തീരുമാനം. ഇതിനായി ആംബുലന്‍സ് എത്തിച്ചു.

കണ്ടെത്തിയത് ഗോപന്‍ സ്വാമിയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട് വരണം. കൂടാതെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണ്ണായകമാണ്. പിതാവിനെ സമാധിയിരുത്തി എന്നാണ് ഭാര്യയുടേയും മക്കളുടേയും അവകാശവാദം. മറ്റാരും കാണരുതെന്ന് പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രഹസ്യമായി ചടങ്ങുകള്‍ നടത്തിയതെന്നും കുടംബം പറയുന്നു.

വീടിന് സമീപം ക്ഷേത്രം സ്ഥാപിച്ച് പൂജ നടത്തിയിരുന്ന ഗോപന്‍ സ്വാമിയെ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മക്കളും ഭാര്യയും ചേര്‍ന്ന് കോണ്‍ക്രീറ്റ് അറയുണ്ടാക്കി സമാധി ഇരുത്തിയത്.കൊലപ്പെടുത്തിയെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. സമാധി പൊളിച്ച് പരിശോധിക്കാന്‍ പോലീസ് അന്ന് തന്നെ ശ്രമിച്ചെങ്കിലും കുടുംബം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ചില സംഘടനകളും കുടുംബത്തിന് പിന്തുണയുമായി എത്തിയതോടെ അന്ന് പോലീസ് പിന്‍വാങ്ങുകയായിരുന്നു.

എന്നാല്‍ കല്ലറ പൊളിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്നായിരുന്നു കുടുംബം ഹര്‍ജിയില്‍ പറഞ്ഞത്. പൊളിക്കല്‍ നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നത് ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്താനാണ് എന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചത്. ദുരൂഹതയുളളതിനാല്‍ കല്ലറ പൊളിക്കുന്നത് വിലക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെയാണ് പോലീസ് ഇന്ന് പുലര്‍ച്ചെ തന്നെ കല്ലറ പൊളിക്കാന്‍ നടപടി തുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top