ഗൗട്ട് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കരുതിയിരിക്കണം ഈ രോഗത്തെ
വിരലുകളിലെ സന്ധികളെ ബാധിക്കുന്ന രോഗമാണ് ഗൗട്ട്. ഒരു ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസ് രോഗമാണിത്. രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് മൂലം അവ ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിന്റെ സന്ധികളില്‍ അടിഞ്ഞുകൂടുന്നതാണ് രോഗം.
കഠിനമായ വേദനയും നീരും ഉണ്ടാകും. കാലിലെ തള്ളവിരലിലെ സന്ധികളെയാണ് പ്രധാനമായും ബാധിക്കുന്നത്. ആ ഭാഗം ചുവന്നു തടിക്കുന്നതാണ് ലക്ഷണം. കണങ്കാലിനും ഉപ്പൂറ്റിക്കും മറ്റ് വിരലുകള്‍ക്കുമെല്ലാം ഈ രോഗാവസ്ഥ ഉണ്ടാകാനിടയുണ്ട്. ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 70% വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനം.
2020ലെ കണക്കുപ്രകാരം ലോകത്തൊട്ടാകെ 5.8 കോടി പേര്‍ ഗൗട്ട് ബാധിതരാണ്. 1990-നെ അപേക്ഷിച്ച് 22.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് അന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ഗവേഷകരാണ് പഠനം നടത്തിയത്.
സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് കൂടുതല്‍ രോഗം കാണുന്നത്. പുരുഷന്മാരില്‍ സ്ത്രീകളെ അപേക്ഷിച്ച് 3.26 മടങ്ങ് രോഗബാധിതരുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 9.58 കോടി ആകുമെന്ന് ലാന്‍സെറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. 35 രാജ്യങ്ങളില്‍ നിന്ന് 1990 മുതല്‍ 2020 വരെ ശേഖരിച്ച വിവരങ്ങളാണ് പഠന വിധേയമാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here