മന്ത്രി റിയാസിന്റെ വിദേശ സന്ദര്‍ശനങ്ങളില്‍ സര്‍ക്കാരിന് ദുരൂഹ മൗനം: നിയമസഭാ ചോദ്യങ്ങള്‍ക്ക് മൂന്ന് മാസമായി മറുപടിയില്ല; കോടികള്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചത് എന്തിന്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ കൂടിയായ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വിദേശ സഞ്ചാരങ്ങളില്‍ സര്‍ക്കാരിന് മൗനം. ടൂറിസം മന്ത്രിയുടെ സന്ദര്‍ശനങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച നിയമസഭ ചോദ്യത്തിന് 3 മാസമായിട്ടും മറുപടി നല്‍കിയിട്ടില്ല.

ടൂറിസം മന്ത്രി എത്ര തവണ വിദേശ സഞ്ചാരം നടത്തി, സന്ദര്‍ശിച്ച രാജ്യങ്ങള്‍ ഏതെല്ലാം, സന്ദര്‍ശന തീയതി, താമസിച്ച ഹോട്ടല്‍, സന്ദര്‍ശനങ്ങള്‍ക്കായി ഖജനാവില്‍ നിന്ന് ചെലവഴിച്ച തുക , മന്ത്രിയുടെ കുടുംബാംഗങ്ങള്‍ വിദേശയാത്രയില്‍ അനുഗമിച്ചിരുന്നോ, അവരുടെ ചിലവ് ആരാണ് വഹിച്ചത് എന്നീ ചോദ്യങ്ങള്‍ക്കാണ് മറുപടിയില്ലാത്തത്. തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബുവാണ് ഈ വര്‍ഷം ഫെബ്രുവരി 1 ന് മന്ത്രിയോട് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ടൂറിസം മന്ത്രിയെന്ന നിലയില്‍ ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 5 തവണയെങ്കിലും റിയാസ് വിദേശ സന്ദര്‍ശനം നടത്തുന്നുണ്ടെന്നാണ് സൂചന. ഫ്രാന്‍സ് ഉള്‍പ്പെടെ പല വിദേശ സന്ദര്‍ശനങ്ങളിലും ഭാര്യ വീണ റിയാസിനെ അനുഗമിക്കുകയും ചെയ്തിരുന്നു. ഖജനാവില്‍ നിന്നും പണം മുടക്കിയുളള ഈ യാത്രയില്‍ എന്ത് ഗുണമുണ്ടായെന്ന കാര്യത്തില്‍ ഒരു ഉത്തരവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ വിദേശയാത്രയും ദുരൂഹമാണ്. നേരത്തെ വിദേശ യാത്രയ്ക്ക് ശേഷം നേട്ടങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പതിവും അവസാനിപ്പിച്ചിരിക്കുകയാണ്.

നാല് ദിവസം മുമ്പ് റിയാസും വീണയും ദുബായിലേക്ക് പറന്നിരുന്നു. 19 ദിവസത്തേക്കാണ് റിയാസിന്റേയും വീണയുടേയും യാത്ര. ദുബായ്ക്ക് പുറമേ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദര്‍ശനം നടത്തും. ഇന്ന് പുലര്‍ച്ചെ ഭാര്യയ്ക്കും കൊച്ചുമകനുമൊപ്പം മുഖ്യമന്ത്രിയും ഇന്തോനേഷ്യ , സിംഗപ്പൂര്‍, ദുബായ് യാത്രയ്ക്കായി പുറപ്പെട്ടിണ്ട്. സ്വകാര്യ സന്ദര്‍ശനം എന്നാണ് യാത്രയ്ക്ക് നല്‍കിയിരിക്കുന്ന ഔദ്യോഗിക വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top