‘അഞ്ച് പശുക്കളെ സര്‍ക്കാര്‍ നല്‍കും’; കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി സര്‍ക്കാരും സിനിമാതാരങ്ങളും

ഇടുക്കി: വെള്ളിയാമറ്റത്ത് കുട്ടിക്കര്‍ഷകരുടെ വളര്‍ത്തു പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ഫലപ്രദമായ ഇടപെടലുകളുമായി മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും. സഹോദരങ്ങളായ ജോര്‍ജ് ബെന്നിയുടെയും മാത്യു ബെന്നിയുടെയും വീട്ടിലെത്തിയ മന്ത്രിമാര്‍, ഒരാഴ്ച്ചക്കുള്ളിൽ അഞ്ച് പശുക്കളെ വാങ്ങി നൽകുമെന്നും അറിയിച്ചു.

മൂന്നാർ മാട്ടുപ്പെട്ടിയിലെ ഡയറി ഫാമിൽ നിന്നും ഇൻഷുറൻസ് പരിരക്ഷയോടെയുള്ള നല്ലയിനം പശുക്കളെയാണ് കൈമാറുക എന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി നൽകും. കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച ആവശ്യം നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കും. ഇതുകൂടാതെ മിൽമയില്‍ നിന്ന് 45000 രൂപ അനുവദിച്ചിട്ടുണ്ട്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് കൂടുതൽ ഫണ്ട് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

സിനിമാ താരങ്ങളും സഹോദരങ്ങളായ കര്‍ഷകര്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ജയറാം നായകനായ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി നീക്കി വച്ചിരുന്ന അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിൽ നേരിട്ടെത്തി കൈമാറി. നടൻ പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയും ഉടൻ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി ആഹാരം കൊടുത്ത ശേഷമാണ് പശുക്കള്‍ ചത്തു വീഴാന്‍ തുടങ്ങിയത്. 22 പശുക്കള്‍ ഉള്ളതില്‍ 13 എണ്ണമാണ് ചത്തത്. കപ്പത്തൊണ്ട് ഭക്ഷിച്ചതില്‍ നിന്നുണ്ടായ വിഷബാധയാണ് മരണകാരണം എന്നാണ് കണ്ടെത്തല്‍. 2021ല്‍ കുട്ടിക്കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയിട്ടുണ്ട് മാത്യു. ക്ഷീരകര്‍ഷകനായിരുന്ന പിതാവ് ബെന്നി 2020ല്‍ മരിച്ചതിന് ശേഷമാണ് ജോര്‍ജും മാത്യുവും ഫാം ഏറ്റെടുത്തത്. മാത്യുവാണ് പശുക്കളുടെ കാര്യങ്ങള്‍ കൂടുതലും നോക്കിയിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top