ക്വാറികൾ കയറിയിറങ്ങി ഡെപ്യൂട്ടി കളക്ടറുടെ പണപ്പിരിവ്; തെളിവുസഹിതം പിടിച്ച് രണ്ടുവർഷം എത്തുമ്പോൾ നടപടിക്ക് നിർദേശം; വിജിലൻസ് ഡയറക്ടർക്ക് ചുമതല

കാസര്‍ഗോഡ്: ചെങ്കല്‍ ക്വാറികളിൽ നിന്ന് ലോഡുമായിറങ്ങുന്ന ലോറികൾ വഴിയിൽ തടഞ്ഞുനിർത്തി പണംപിരിച്ച് ഡെപ്യൂട്ടി കളക്ടർ. അതും സർക്കാർ ബോർഡുവച്ച ഔദ്യോഗിക വാഹനത്തിൽ കാത്തുനിന്ന്. നാട്ടുകാരടക്കം ആളെ തിരിച്ചറിഞ്ഞ് മൊഴി നൽകിയ കേസിൽ, കാസർകോട് ഡെപ്യൂട്ടി കളക്ടർ എസ്.സാജിദിനെതിരെ നടപടികളുമായി മുന്നോട്ടുപോകാൻ രണ്ടുവർഷത്തിന് ശേഷം വിജിലൻസിന് സർക്കാർ അനുമതി നൽകി. ആർഡിഒക്കും തഹസിൽദാർക്കും നൽകാനെന്ന പേരിലാണ് ക്വാറിയുടമകളെ ഭീഷണിപ്പെടുത്തി പണം പിരിച്ചതെന്നും വ്യക്തമായിരുന്നു. 2020ലുണ്ടായ പകൽകൊള്ളയുടെ പേരിൽ പ്രാഥമികാന്വേഷണം നടത്തി സാജിദിനെ സസ്പെൻഡ് ചെയ്തിരുന്നു.

2022 മാർച്ച് ഒന്നിനാണ് നെട്ടണിഗെ, നാട്ടക്കൽ ഭാഗത്തെ ചില അനധികൃത ക്വാറികളിൽ നിന്ന് പണം പിരിക്കാനായി ഡെപ്യൂട്ടി കളക്ടർ ഇറങ്ങിയത്. വിവരമറിഞ്ഞ് ആർഡിഒ ആണ് ആദ്യം കളക്ടർക്ക് പരാതി നൽകിയത്. കലക്ടറുടെ നിർദേശപ്രകാരം എഡിഎം നടത്തിയ അന്വേഷണത്തിൽ പ്രാഥമിക തെളിവുകൾ കിട്ടി. അനധികൃത ക്വാറികളുടെ പരിസരത്ത് ഡെപ്യൂട്ടി കളക്ടറുടെ ബോർഡു വച്ച വാഹനം കിടക്കുന്നതും അതിന് സമീപത്ത് ലോറികൾ നിർത്തിയിടുന്നതും കണ്ടതായി മൊഴികൾ കിട്ടി. ഈ പ്രദേശത്തെ ചില ക്വാറികളിൽ ഡെപ്യൂട്ടി കളക്ടർ എത്തിയിരുന്നതായി മൊഴി നൽകിയ ക്വാറിയുടമകൾ പക്ഷെ പണം നൽകിയത് മാത്രം സമ്മതിച്ചില്ല.

എന്നാൽ അന്വേഷണത്തിൻ്റെ ഭാഗമായി ഡെപ്യൂട്ടി കളക്ടറോട് വിശദീകരണം തേടിയപ്പോൾ താൻ ഈ ഭാഗങ്ങളിൽ പോയിട്ടേയില്ലെന്നും വാഹനവും ഡ്രൈവറും കാസർകോട്ട് തന്നെ ഉണ്ടായിരുന്നുവെന്നും മൊഴി നൽകി. വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ സാജിദിൻ്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ക്വാറികളുടെ പരിസരങ്ങളിൽ സാന്നിധ്യം ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതാണ് തുടരന്വേഷണത്തിൽ നിർണായകമായത്. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനുള്ള എൻഡോസൾഫാൻ സെല്ലിൻ്റെ ചുമതലയുണ്ടായിരുന്ന സാജിദ് ക്വാറികളുടെ ഭാഗത്തേക്ക് പോകേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല എന്നതാണ് ഇദ്ദേഹത്തിൻ്റെ വിശദീകരണങ്ങളെയാകെ പൊളിച്ചത്.

തുടര്‍ന്നുള്ള പരിശോധനയിൽ ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കില്‍ തിരിമറി നടത്തിയതായും വ്യക്തമായി. പിരിവിന് പോയ മാർച്ച് ഒന്നിൻ്റെ യാത്ര ഇതിൽ രേഖപ്പെടുത്തിയിരുന്നില്ല. ആ യാത്രയുടെ തെളിവുകൾ ഇല്ലാതാക്കാൻ തൊട്ടടുത്ത ദിവസം നീലേശ്വരത്ത് പോകുകയും രണ്ട് യാത്രകളുടെയും ദൂരംചേർത്ത് ലോഗ്ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തു. 2022 ഫെബ്രുവരി 28ന് ശേഷം, മാര്‍ച്ച് രണ്ടിന് മാത്രമാണ് വാഹനം ഉപയോഗിച്ചതായി കാണിച്ചത്. നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലേക്ക് 221 കിലോമീറ്റർ സഞ്ചരിച്ചതായാണ് കാണിച്ചിരുന്നത്. എന്നാൽ കളക്ട്രേറ്റിൽ നിന്ന് ഇവിടേക്കുള്ള ദൂരം 55 കിലോമീറ്റർ ആയിരിക്കെ രണ്ടുവഴിക്കും ചേർത്ത് 110 മാത്രമേ വരൂ. പിന്നീടുള്ള അന്വേഷണത്തിൽ, തലേന്നത്തെ യാത്രയുടെയും ചേർത്താണ് മാർച്ച് രണ്ടിന് രേഖപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചു. മൊബൈല്‍ ടവര്‍ വിവരങ്ങൾ ഇക്കാര്യത്തിൽ തെളിവായി.

ഇങ്ങനെ ലാൻഡ് റവന്യൂ കമ്മിഷണർ നടത്തിയ വിശദമായ വകുപ്പുതല അന്വേഷണവും പൊലീസ് വിജിലന്‍സിൻ്റെ അന്വേഷണവും പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ സർക്കാർ വിഷയം പരിശോധിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് ട്രിബ്യൂണൽ, കേരള സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരം അന്വേഷണം നടത്തി കണ്ടെത്തലുകളും ശിപാർശകളും സഹിതം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം. കേസ് ഫലപ്രദമായി നടത്താൻ വിജിലൻസ് ലീഗൽ അഡ്വൈസറെ നിയോഗിച്ചിട്ടുമുണ്ട്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടറെ ചുമതലപ്പെടുത്തി കൊണ്ടുമാണ് പുതിയ ഉത്തരവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top