പൗരപ്രമുഖർക്ക് മൃഷ്ടാന്നം, കുട്ടികൾക്ക് കാലിപ്പാത്രം; റിപ്പബ്ലിക്ക് ദിന പരിപാടിയിലെ ലഘു ഭക്ഷണത്തിന് പണം കുറച്ച് ഉപയോഗിക്കാൻ നിർദേശം

തിരുവനന്തപുരം: നവകേരള സദസിൽ പൗരപ്രമുഖരെ സൽക്കരിക്കാൻ ലക്ഷങ്ങൾ ചിലവാക്കിയ സർക്കാരിന് കുട്ടികളുടെ ഭക്ഷണത്തിന് നൽകാൻ തുകയില്ല. റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലഘുഭക്ഷണത്തിനായി അനുവദിച്ച തുക പരമാവധി കുറച്ച് ഉപയോഗിക്കണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

സംസ്ഥാന- ജില്ലാതല റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന സ്കൂൾ കുട്ടികൾ, എൻഎസ്എസ്, എൻസിസി, സ്കൗട്ട് തുടങ്ങി എല്ലാവർക്കും റിഹേഴ്സൽ സമയത്തും പരിപാടിയുടെ ദിവസവും നൽകുന്ന ലഘുഭക്ഷണത്തിനായുള്ള ഉത്തരവിലാണ് സർക്കാരിന്റെ പ്രത്യേക നിർദേശം. അനുവദിച്ച തുക പരമാവധി കുറച്ച് വിനിയോഗിക്കാനാണ് നിർദേശം. തിരുവനന്തപുരം ജില്ലയ്ക്ക് ഒന്നര ലക്ഷവും മറ്റ് ജില്ലകൾക്ക് 75000 രൂപ വീതവുമാണ് അനുവദിച്ചത്. എന്നാൽ തുക പരിമിതമായി ഉപയോഗിക്കാനാണ് ജില്ലാ കളക്ടർമാർക്ക് പൊതുഭരണ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

സർക്കാർ വർഷാവർഷം നടത്തുന്ന ഓണം, ക്രിസ്മസ് വിരുന്നുകൾക്ക് ലക്ഷങ്ങളാണ് ചിലവിടുന്നത്. കഴിഞ്ഞ വർഷത്തെ ഓണ സദ്യക്ക് മാത്രം 20 ലക്ഷം ചിലവായെന്നാണ് കണക്കുകൾ. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വൻ തുക മുടക്കിയാണ് നവകേരള സദസ് നടത്തിയത്. ഒന്നര മാസം നീണ്ട പരിപാടിയിലെ പ്രഭാതയോഗങ്ങളിൽ ഓരോ മണ്ഡലങ്ങളിലെയും പ്രമുഖർക്ക് മുന്തിയ ഹോട്ടലുകളിൽ പ്രാതലും ഒരുക്കിയിരുന്നു. ഇതിനൊന്നും ചിലവ് ചുരുക്കാൻ ഉത്തരവിടാത്ത സർക്കാരാണ് ഇപ്പോൾ കുട്ടികളുടെ ഭക്ഷണത്തിൽ ചിലവ് ചുരുക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top