കേസുകളില്‍ പ്രതികളായി 1389 ഉദ്യോഗസ്ഥര്‍; ഏറെയും വിജിലന്‍സ് കേസുകള്‍; പ്രതി പട്ടികയില്‍ ബഹുഭൂരിപക്ഷവും പോലീസുകാര്‍

തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ക്രമിനല്‍ കേസുകളിലും വിജിലന്‍സ് കേസുകളിലും പ്രതികളാകുന്നവരില്‍ പോലീസാണ് മുന്നില്‍. ഇവരില്‍ തന്നെ കൈക്കൂലി വാങ്ങിയതിനും നിയമവിരുദ്ധ നടപടികള്‍ക്കും വിജിലന്‍സ് കേസില്‍പ്പെടുന്ന ഉദ്യോഗസ്ഥരാണ് കൂടുതലും. പ്രതിയായവരില്‍ 1028 പേരും വിജിലന്‍സ് കേസില്‍ കുടുങ്ങിയവരാണ്. 361 പേര്‍ ക്രമിനല്‍ കേസുകളിലാണ് പ്രതിയായിരിക്കുന്നത്.

770 ഉദ്യോഗസ്ഥരാണ് പോലീസില്‍ നിന്ന് മാത്രം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് 188, തദ്ദേശ സ്വയം ഭരണ വകുപ്പ് 53, ആരോഗ്യം 41, കെഎസ്ഇബി 39, കെഎസ്ആര്‍ടിസി 29, റവന്യൂ 26, വനം 26, എന്നിങ്ങനെയാണ് വകുപ്പ് തിരിച്ചുള്‌ല കണക്ക്. സെക്രട്ടറിയേറ്രിലെ 8 ജീവനക്കാരും നിയമസഭയിലെ ഒരാളും കേസില്‍ പ്രതിയായിട്ടുണ്ട്. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ പേരില്‍ മാത്രമാണ് സംസ്ഥാനത്ത് കേസുള്ളതെന്നാണ് സര്‍ക്കാര്‍ കണക്ക്. കേരളത്തില്‍ ജോലി ചെയ്യുന്ന 48 കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും കഴിഞ്ഞ 5 വര്‍ഷത്തിനിടെ വിവിധ കേസുകളില്‍ പ്രതി സ്ഥാനത്തെത്തി.

1028 വിജിലന്‍സ് കേസുകളില്‍ 727 കേസുകളിലും അന്വേഷണം നടക്കുകയാണ്. 195 കേസുകള്‍ മാത്രമാണ് പ്രോസിക്യൂഷന്‍ ഘട്ടത്തിലേക്ക് എത്തിയത്. 22 കേസുകളില്‍ ട്രിബ്യൂണല്‍ അന്വേഷണവും 14 പേര്‍ക്കെതിരെ വകുപ്പ്തല അന്വേഷണവും നടക്കുകയാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും തുടര്‍ നടപടികളിലെ മെല്ലെ പോക്ക് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. വിജിലന്‍സ് കേസില്‍ പ്രതിയാകുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ സസ്‌പെന്‍ഷന്‍ പോലുളള ലഘുവായ വകുപ്പതല നടപടി മാത്രമാണ് സ്വീകരിക്കുന്നത്. ഇതുമാത്രം പോരയെന്നാണ് നിര്‍ദ്ദേശം.

ശാസന, ഇന്‍ക്രിമെന്റ് കുറയ്ക്കല്‍, ഉദ്യോഗസ്ഥനെ കുറഞ്ഞ ശമ്പള സ്‌കെയിലിലേക്ക് തരംതാഴ്ത്തല്‍, നിര്‍ബന്ധിത വിരമിക്കല്‍, സര്‍വീസില്‍ നിന്ന് പുറത്താക്കല്‍ അല്ലെങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിക്കല്‍ തുടങ്ങിയ അച്ചടക്ക് നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാം. എന്നാല്‍ പോലീസില്‍ പോലും ഇത് കൃത്യമായി നടപ്പാക്കുന്നില്ല. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥര്‍ പോലും രാഷ്ട്രീയ പിന്‍ബലത്തില്‍ സര്‍വ്വീസില്‍ തുടരുകയാണ്. ബലാത്സംഗം, പീഡന ശ്രമം, പോക്‌സോ കേസുകളും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ട്. മോഷണം, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, മദ്യപിച്ച് ബഹളം വെയ്ക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായ പോലീസുകാരുമുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തില്‍ കെ.പി.സായ് കിരണാണ് കണക്കുകള്‍ സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top