കേരളീയം, എക്‌സാലോജിക്, വീണ വിജയന്‍, സാമ്പത്തിക പ്രതിസന്ധി… വിവാദ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ സര്‍ക്കാര്‍; സ്പീക്കറുടെ റൂളിങ്ങിനും വിലയില്ല; കടുത്ത അവകാശ നിഷേധമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭാ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കണമെന്ന സ്പീക്കറുടെ റൂളിങ്ങ് പാലിക്കാതെ മുഖ്യമന്ത്രിയും ധനമന്ത്രിയും. സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പ്രതിസന്ധിയിലാക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതിരിക്കുന്ന പതിവ് ഈ സമ്മേളനത്തിലും ഭൂരിഭാഗം മന്ത്രിമാരും തുടരുകയാണ്. സഭാനാഥനായ മുഖ്യമന്ത്രി പോലും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഈ സമ്മേളന കാലയളവില്‍ നയപ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ദിവസം മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ക്ക് ലഭിച്ച പ്രധാന ചോദ്യങ്ങളെല്ലാം ഉത്തരമില്ലാതെ തന്നെ അവശേഷിക്കുകയാണ്. ഇതില്‍ കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ്, നവകേരള സദസിന്റെ ചിലവ്, കെ-ഫോണ്‍ പുരോഗതി, സില്‍വര്‍ ലൈന്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.

മകള്‍ വീണ വിജയന്റെ കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങളും, ടിപി കേസിലെ പ്രതികളുടെ പരോള്‍ സംബന്ധിച്ച ചോദ്യങ്ങളുമുണ്ട്. റിട്ടയര്‍ ചെയ്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ പുനര്‍നിയമനം, നവകേരള സദസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍, പോലീസിലെ ക്രിമിനല്‍വല്‍ക്കരണം, മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ച് വരുന്നുവെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഈ സമ്മേളനകാലയളവില്‍ ലഭിച്ച 199 ചോദ്യങ്ങള്‍ക്കും ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. ജനുവരി 30നാണ് ഈ ചോദ്യങ്ങൾ സഭയുടെ പരിഗണനയ്ക്ക് വന്നത്. ഇതില്‍ സംസ്ഥാനത്തെ ധനപ്രതിസന്ധി മുതല്‍ കേന്ദ്ര അവഗണന, നികുതി പിരിവിലെ വീഴ്ച തുടങ്ങി നിരവധി പ്രധാന ചോദ്യങ്ങളാണുള്ളത്. സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യവസായ മന്ത്രിയും നല്‍കിയിരിക്കുന്നത് വിവരം ശേഖരിച്ചു വരുന്നുവെന്ന മറുപടിയാണ്.

നിയമസഭാ ചോദ്യങ്ങള്‍ക്ക് കൃത്യസമയത്ത് മറുപടി നല്‍കണമെന്ന് സ്പീക്കര്‍ എ.എന്‍.ഷസീര്‍ പ്രത്യേക റൂളിങ്ങ് നല്‍കിയിരുന്നു. എന്നാല്‍ ചുരുക്കം ചില മന്ത്രിമാര്‍ മാത്രമാണ് ഈ റൂളിങ്ങ് പാലിക്കുന്നത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. സമ്മേളനം തുടങ്ങുന്നതിനും 10 ദിവസം മുമ്പാണ് എംഎല്‍എമാരില്‍ നിന്നും ചോദ്യങ്ങള്‍ നിയമസഭാ സെക്രട്ടറിയേറ്റ് സ്വീകരിക്കുന്നത്. ഇവ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ച് നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ വിവാദങ്ങളാകുന്നതും സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നതുമായ ചോദ്യങ്ങളെ അവഗണിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോൾ ചെയ്യുന്നത്.

നിയമസഭയുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലാപാടെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നതും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച പച്ചക്കള്ളം പൊളിയാനിടയാക്കുന്നതുമായ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ലെന്ന് പി.സി.വിഷ്ണുനാഥ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇത് എംഎല്‍മാരുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതും സഭയെ അവഹേളിക്കുന്നതുമാണ്. ഗവര്‍ണറുമായി നിരന്തരം സംഘര്‍ഷത്തിലെന്ന് പറയുമ്പോഴും രാജ്ഭവന് വേണ്ടി ചിലവഴിച്ച തുക പോലും ധനമന്ത്രി പുറത്തു പറയുന്നില്ല. വീഴ്ചകള്‍ മറയ്ക്കാനാണ് ഈ ശ്രമങ്ങള്‍. മുന്‍കാലങ്ങളില്‍ വിവരങ്ങള്‍ ശേഖരിച്ച് വിശദമായി മറുപടി പറയേണ്ട ചോദ്യങ്ങള്‍ക്ക് ഉത്തരം വൈകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. മകളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രകോപിതനാകുന്നതല്ലാതെ കൃത്യമായ മറുപടിയൊന്നും പറയാറില്ലെന്നും വിഷ്ണുനാഥ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top