ഗവര്‍ണര്‍ -സര്‍ക്കാര്‍ പോരിനിരയായി മുൻ വി.സി; വിരമിച്ച് പത്ത് മാസമായിട്ടും പെന്‍ഷനോ ആനുകൂല്യങ്ങളോ ഇല്ല; അച്ചടക്ക നടപടി ഉറപ്പിക്കാൻ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വടംവലിയിൽ ഇരയായി സാങ്കേതിക സര്‍വ്വകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസ്. വിസിയായിരുന്ന ഡോ.എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധുവാക്കിയപ്പോൾ ചാൻസലറായ ഗവർണറുടെ നിർദേശപ്രകാരമാണ് സിസ തോമസ് സാങ്കേതിക സര്‍വ്വകലാശാലയിൽ ചുമതലയേറ്റത്. ഇതോടെ സർക്കാരിൻ്റെ അപ്രീതിക്കിരയായ സിസയ്ക്ക് വിരമിക്കുന്നതിന് 21 ദിവസം മുമ്പാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മണിക്കൂറുകൾക്ക് മുമ്പ് കുറ്റാരോപണ മെമ്മോയും നൽകി.അച്ചടക്ക നടപടി നിലനില്‍ക്കുന്നതിനാല്‍ മാര്‍ച്ച് 31ന് വിരമിച്ച സിസയ്ക്ക് പത്ത് മാസം കഴിഞ്ഞിട്ടും വിരമിക്കല്‍ ആനുകൂല്യമോ പെന്‍ഷനോ ലഭിച്ചിട്ടില്ല. 32 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന മാസത്തെ ശമ്പളം പോലും ഇതുവരെ കിട്ടിയിട്ടില്ല.
സര്‍വ്വകലാശാലകളിലെ വിസി നിയമനത്തിന്റെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് രൂക്ഷമായിരിക്കെയാണ് ഡോ.രാജശ്രീയെ സുപ്രീംകോടതി അയോഗ്യയാക്കിയത്. ജയശ്രീക്ക് പകരം രണ്ട് പേരുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ചട്ടമനുസരിച്ചല്ല എന്ന കാരണം പറഞ്ഞ് ഗവര്‍ണര്‍ തള്ളി. പകരം ശാസ്ത്രസാങ്കേതിക ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിന് വിസിയുടെ അധിക ചുമതല നല്‍കുകയായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിയമനം ശരിവച്ചുള്ള വിധിയാണ് വന്നത്. 2022 നവംബര്‍ നാലിനാണ് സിസ തോമസ് വിസിയുടെ ചുമതല ഏറ്റെടുത്ത്.
അഞ്ചു മാസത്തോളം ഈ സ്ഥാനത്തിരുന്ന സിസക്കെതിരെ നടപടി തുടങ്ങാൻ വിരമിക്കുന്ന ദിനം വരെ സർക്കാർ കാത്തിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റത് കേരള സര്‍വ്വീസ് ചട്ടത്തിലെ സെക്ഷന്‍ 13(7)ന്റെ ലംഘനവും പെരുമാറ്റദൂഷ്യവുമാണെന്നാണ് സര്‍ക്കാര്‍ ആരോപിച്ചത്. ഇതിനെതിരെ സിസ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നടപടി ട്രൈബ്യൂണല്‍ ശരിവച്ചു. ഇതോടെയാണ് സിസ ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും. ഇപ്പോള്‍ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ്.
വിസിമാരായി നിയമന ഉത്തരവ് ലഭിക്കുന്നവര്‍ ചുമതല ഏറ്റെടുത്ത ശേഷമാണ് നിയമനം റെഗുലറൈസ് ചെയ്യുന്നത്. എന്നാല്‍ സിസ തോമസിന് മുമ്പുള്ളവരെല്ലാം സര്‍ക്കാര്‍ നോമിനിയായിരുന്നുവെന്നതാണ് ഏക വ്യത്യാസം. ഭരണഘടനാ തലവന്‍ എന്ന നിലയില്‍ ഗവര്‍ണറില്‍ നിന്ന ലഭിച്ച ഉത്തരവ് അനുസരിച്ച ഉദ്യോഗസ്ഥയിപ്പോള്‍ ആനുകൂല്യങ്ങള്‍ക്കായി കോടതി കയറേണ്ട സ്ഥിതിയിലാണ്. സുപ്രീം കോടതിയെ സമീപിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ സിസാ തോമസ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചു. സര്‍ക്കാറിന്റെ അപ്പീലില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here