മദ്രസകൾ അടച്ചുപൂട്ടണം എന്ന നിര്‍ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു; കേന്ദ്രത്തിന് നോട്ടീസ്
വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മിഷന്റെ ശുപാര്‍ശയും തുടര്‍ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രശ്നത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു. ജമിയത്ത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് തീരുമാനം എടുത്തത്.
അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർത്ഥികളെയും സർക്കാർ എയ്ഡഡ് മദ്രസകളിൽ പഠിക്കുന്ന അമുസ്ലിം വിദ്യാർത്ഥികളെയും സർക്കാർ സ്കൂളുകളിലേക്ക് മാറ്റാൻ നിർദ്ദേശിച്ച യുപി, ത്രിപുര സർക്കാരുകളുടെ ഉത്തരവുകളും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിർദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നുമായിരുന്നു നിര്‍ദേശം.
മദ്രസകളിലെ കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് മാറ്റണമെന്നായിരുന്നു ശുപാര്‍ശ. മദ്രസകളിലെ വിദ്യാഭ്യാസരീതി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്. ഇത് വ്യാപകമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here