സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സത്യവാങ്മൂലം; കെഎസ്ആർടിസിയുടെ ബാധ്യതകൾ ഏറ്റെടുക്കാനാവില്ല; തുറന്ന് പറച്ചിൽ ആദ്യമായി
കൊച്ചി: സംസ്ഥാനം വൻ സമ്പത്തിക പ്രതിസന്ധിയിലെന്ന് ഹൈക്കോടതിയിൽ സർക്കാർ. അതിഗുരുതരമായ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് ധനവകുപ്പിന് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷന്‍ ( കെടിഡിഎഫ്സി )സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി സംസ്ഥാനത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്ന് ചോദിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥയാണ് എന്നാണോ നിങ്ങൾ പറയുന്നതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും സർക്കാരിനോട് കോടതി ചോദിച്ചു. അധിക സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദേശം നല്‍കി. ഹർജി 10 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്.
സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്നായിരുന്നു കെടിഡിഎഫ്സി കോർപറേഷനെതിരെ ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി. കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് ഹര്‍ജി നല്‍കിയത്.
ഇതാദ്യമായിട്ടാണ് സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് പരസ്യമായി സമ്മതിക്കുന്നത്. കെടിഡിഎഫ്സിയെ സഹായിക്കുന്നതിന് സർക്കാരിൻ്റെ പക്കൽ ഇപ്പോൾ യാതൊരു തരത്തിലുള്ള സാമ്പത്തിക സ്രോതസുമില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമമായ കെസ്ആർ ടിസിയെ പല തരത്തിൽ സാമ്പത്തികമായി സഹായിക്കുന്നുണ്ടെങ്കിലും സ്ഥാപനത്തിൻ്റെ ദൈനംദിന ആവശ്യങ്ങൾക്കായി പണം നൽകാൻ നിയമപരമായി ബാധ്യതയില്ലെന്ന് സത്യവാങ്മൂലത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here