ടിപ്പറിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ സംസ്കാരം ഇന്ന്; അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ടിപ്പറിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അതേസമയം സംഭവം വിശദമായി അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. അനന്തുവിന്റെ വീട് മന്ത്രി രാവിലെ സന്ദര്‍ശിച്ചു.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട് . സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 2ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

നിംസ് കോളജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. വീടിനടുത്തുവച്ച് ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ല് കയറ്റിപ്പോയ ലോറിയിൽ നിന്ന് തെറിച്ചു വീണ കല്ലാണ് സ്കൂട്ടറിൽ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്ത് പതിച്ചത്. കല്ല് വീണതിനെ തുടർന്ന് സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി മറിഞ്ഞു വീണ് അനന്തുവിന് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടിപ്പര്‍ റോഡിലെ കുഴിയില്‍ വീഴുന്നതിനിടെ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അമിതവേഗതയിലാണ് ടിപ്പര്‍ സഞ്ചരിച്ചിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാവിലെ 11 മണിവരെ ടിപ്പറുകള്‍ ഓടാൻ പാടില്ലെന്ന് ജില്ലാഭരണകൂടം നിര്‍ദ്ദശം നല്‍കിയിരുന്നതാണ്. എന്നാല്‍ തുറമുഖ അധികൃതര്‍ ഇത് പാലിക്കാറില്ല. അമിതമായി ലോഡ് കയറ്റിയാണ് ടിപ്പറുകള്‍ യാത്ര ചെയ്യുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top