ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം; സര്‍ക്കാര്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നെന്ന് മന്ത്രി രാജന്‍
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരും ഉടയവരും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി. റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി വയനാട് ജില്ലയില്‍ തന്നെയാണ് നിയമനം. ശ്രുതിക്ക് ജോലി നല്‍കുന്നത് വൈകുന്നതില്‍ വിമര്‍ശനം ഉയരുന്നതിനിടയിലാണ് പ്രതിശ്രുതവരനായ ജെന്‍സണെക്കൂടി വാഹനാപകടത്തില്‍ നഷ്ടമാകുന്നത്. ഈ അപകടത്തില്‍ ഗുരുതര പരുക്കേറ്റ ശ്രുതി ചികിത്സയില്‍ തുടരുന്നതിനിടയിലാണ് ജോലി നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് വരുന്നത്.
Also Read: ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ ശ്രുതിക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയിട്ടുണ്ട്. അത് ഇങ്ങനെ: “ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെടുകയും പിന്നീട് പ്രതിശ്രുത വരന്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ഒറ്റക്കായി പോയ ശ്രുതിയ ഈ സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുമെന്ന് അന്ന് കേരളത്തിന് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്. ഇനി മുതല്‍ ശ്രുതി ഞങ്ങളുടെ റവന്യൂ കുടുംബത്തിലെ അംഗമാണ്. വയനാട് ജില്ലയില്‍ തന്നെ റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രുതി ജോലിക്ക് കയറും. ഈ സര്‍ക്കാര്‍ കൂടെയുണ്ടാകും.”- മന്ത്രി കുറിച്ചു.
Also Read: വയനാട് ദുരന്തത്തെ തോൽപ്പിച്ചവരെ വിധി തോൽപ്പിച്ചു; ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിടവാങ്ങി
കഴിഞ്ഞ ജൂലൈ 30നുണ്ടായ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലാണ് അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തെ പൂര്‍ണമായി ശ്രുതിക്ക് നഷ്ടമാകുന്നത്. വിവാഹം ഉറപ്പിച്ചിരിക്കെയാണ് ദുരന്തമുണ്ടായത്. അതോടെ താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സണും കുടുംബവുമായിരുന്നു. എന്നാല്‍ ഒരു വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സണെ ശ്രുതിക്ക് നഷ്ടമായി. സെപ്തംബര്‍ 10നാണ് ഈ അപകടം. ഇവര്‍ സഞ്ചരിച്ച വാനും ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ശ്രുതി അടക്കം എഴുപേര്‍ക്ക് ഈ അപകടത്തില്‍ പരുക്കേറ്റിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here