ബാറുടമകളുടെ നികുതി തട്ടിപ്പില്‍ സര്‍ക്കാരിന് മൗനം; നികുതി വരുമാനം സംബന്ധിച്ച നിയമസഭാ ചോദ്യത്തിന് ഒരു വര്‍ഷമായിട്ടും മറുപടിയില്ല; എല്ലാം ഒത്തുതീര്‍പ്പെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളില്‍ നിന്നുള്ള നികുതി വരുമാനം ചോദിച്ചാല്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിന് മിണ്ടാട്ടമില്ല. ബാറുകളില്‍ നിന്നും ലഭിക്കേണ്ട വില്‍പന നികുതി ( ടേണ്‍ ഓവര്‍ ടാക്‌സ്) വഴി ലഭിച്ച വരുമാനത്തെക്കുറിച്ച് കോണ്‍ഗ്രസ് അംഗം റോജി എം ജോണ്‍ ഒരു വര്‍ഷം മുമ്പ് നല്‍കിയ നിയമസഭാ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ടേണ്‍ ഓവര്‍ ടാക്‌സ് പിരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച എന്ന ആരോപണം പ്രതിപക്ഷം സജീവമാക്കി നിര്‍ത്തുമ്പോഴാണ് പഴയ ചോദ്യത്തിന്റെ കഥയും പുറത്തുവരുന്നത്.

2017-18 മുതല്‍ 2022-23 വരെ ബാറുകളില്‍ നിന്ന് ലഭിച്ച ടേണ്‍ ഓവര്‍ ടാക്‌സ് എത്രയെന്നായിരുന്നു ധനമന്ത്രിയോട് 2023 മാര്‍ച്ച് ആറിന് റോജിയുടെ നിയമസഭയിലെ ചോദ്യം. ഒരു വര്‍ഷം കഴിഞ്ഞിട്ടും ബാലഗോപാല്‍ ഇതിന് മറുപടി നല്‍കിയില്ല. 1000 കോടിയോളം രൂപ ടേണ്‍ ഓവര്‍ ടാക്‌സായി ഒരു വര്‍ഷം ലഭിക്കേണ്ടതാണ്. ഇത് പിരിക്കാതെ ബാറുകാരെ സഹായിക്കുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ആരോപണമായി ഉന്നയിച്ചിരുന്നു. ഇതിലും വ്യക്തമായ മറുപടിയുണ്ടായില്ല.

സംസ്ഥാനത്തെ ബാറുകളില്‍ നിന്നുള്ള വില്പന നികുതി വരവില്‍ വന്‍ ചോര്‍ച്ചയാണ് സംഭവിക്കുന്നത്. സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകള്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് ഈടാക്കുന്ന ടേണ്‍ ഒവര്‍ ടാക്‌സ് നിലവില്‍ 10 ശതമാനമാണ്. സംസ്ഥാനത്തെ ബെവ്‌കോ വെയര്‍ഹൗസുകളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന്‍മേല്‍ കയറ്റിയിറക്ക് കൂലി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലാഭം എന്നിവ കൂടി ചേര്‍ന്ന തുകയാണ് വിറ്റുവരവായി കണക്കാക്കുന്നത്. ഇതിന്‍മേലാണ് വില്‍പ്പന നികുതി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടത്. എന്നാല്‍ 2016 മുതല്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ബാര്‍ഹോട്ടലുകളില്‍ നിന്നുള്ള വില്പന നികുതി പിരിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതായി ആക്ഷേപമുണ്ട്.

2016-ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്ത് ആകെ 29 ബാര്‍ ഹോട്ടല്‍ ലൈസന്‍സേ ഉണ്ടായിരുന്നുള്ളൂ. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിലെ ബാറുകള്‍ 748 ല്‍ നിന്ന് 29 ആയി കുറച്ചിരുന്നു. എന്നാല്‍ 2017 ജൂണില്‍ ഇടത് സര്‍ക്കാര്‍ മദ്യനയം തിരുത്തുകയും ബാര്‍ ലൈസന്‍സിന് പ്രതിവര്‍ഷം 30 ലക്ഷം രൂപാ വീതം സ്വീകരിച്ച് 665 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തു. 2023 മുതല്‍ ലൈസന്‍സ് ഫീ 35 ലക്ഷമാക്കുവാനായിരുന്നു ഇടതുമുന്നണിയുടെ തീരുമാനം.

2016 വരെ കോമ്പൗണ്ടിങ്ങ് സമ്പ്രദായത്തില്‍ നികുതി ഒടുക്കാത്ത ബാര്‍ ഹോട്ടലുകളില്‍ എല്ലാ വര്‍ഷങ്ങളിലും നിര്‍ബന്ധിത ഇന്റലിജന്‍സ് പരിശോധന നടത്തിയിരുന്നു. ബാര്‍ ഹോട്ടലുകള്‍ മദ്യം പെഗ്ഗ് അളവില്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്ന വിലയില്‍ അടങ്ങിയിരിക്കുന്ന ലാഭശതമാനം തന്നെയാണോ പ്രതിമാസ റിട്ടേണുകളില്‍ കാണിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതില്‍ വെട്ടിപ്പ് ബോധ്യപ്പെട്ടാല്‍ പിഴ ഇടുകയും ബന്ധപ്പെട്ട നികുതി നിര്‍ണ്ണയ അധികാരിക്ക് ഈ വിവരം കൈമാറുകയും ചെയ്യും. ഇത്തരം പരിശോധനകളും റെയ്ഡുകളുമാണ് ഇപ്പോള്‍ നടക്കാത്തത്. ബാറുകാര്‍ക്ക് ലാഭം വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top