മെഡി. കോളജ് ഡോക്ടർമാർ സമരത്തിൽ; ഇനിയെല്ലാം ചട്ടപ്പടിയെന്ന് കെജിഎംസിടിഎ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ അധ്യാപകർ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിച്ചു. മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് കേരളാ ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. അധ്യായനവും, രോ​ഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടുനിൽക്കും.

അധ്യാപനത്തിന് പുറമെ രോഗികളെ പരിചരിക്കുന്ന ജോലികൂടി ഡോക്ടർമാർക്കുണ്ട്. എന്നാൽ രോഗികളുടെ അനുപാതത്തിന് അനുസരിച്ചല്ല ഡോക്ടർമാരുടെ നിയമനം. 289 അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും നിയമനം നടന്നിട്ടില്ല. ഇതുവരെ ഡോക്ടർമാർക്ക് കൃത്യമായ ജോലി സമയം രൂപകൽപന ചെയ്തിട്ടില്ല. കാലങ്ങളായി മന്ത്രിമാർ ഉൾപ്പെടെയുള്ളവരോട് പ്രശ്‌നം ഉന്നയിച്ചിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഇല്ലാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ.നിർമൽ ഭാസ്കർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. വിഐപി ഡ്യൂട്ടിക്ക് പോകുമ്പോൾ അടിസ്ഥാന സൗകര്യം പോലും നൽകാറില്ല. മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കുന്ന 25 ശതമാനം ഡി.എ ഡോക്ടർമാരെ സംബന്ധിച്ച് കുറവാണ് തുടങ്ങി നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ 10 സർക്കാർ മെഡിക്കൽ കോളജുകളിലായി ഏകദേശം 2500 ഡോക്ടർമാരാണ് നിലവിലുള്ളത്.

ചട്ടപ്പടി സമരം തുടങ്ങിയതിനാൽ അവലോകന യോ​ഗങ്ങൾ , വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്കരിക്കും. ഒ പി യിൽ ഒരു ഡോക്ടർ നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിതയെണ്ണം രോ​ഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ. ബാക്കി സമയം നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുളള അധ്യായന പ്രവർത്തനങ്ങൾ നടത്തും. നിശ്ചിത സമയത്തിൽ ചെയ്തു തീർക്കാവുന്ന ഓപ്പറേഷനുകൾ മാത്രം നടത്തും. ഉച്ചഭക്ഷണത്തിനായുള്ള 45 മിനിറ്റ് ഇടവേള നിർബന്ധമായും പ്രയോജനപ്പെടുത്തും. ഇത് ജോലി സമയത്തിനുള്ളിൽ തന്നെ എടുക്കും. സർക്കാരിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ചട്ടപ്പടി സമരം കൂടുതൽ ശക്തമാക്കുമെന്ന് നേതൃത്വം അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top