കെ-ഫോൺ വേണ്ടെന്ന് സർക്കാർ ഓഫീസുകൾ; വേഗതയില്ല, പണവും നല്‍കണം, പ്രതികരിക്കുന്നില്ലെന്ന് എംഡി സന്തോഷ് കുമാർ

തിരുവനന്തപുരം: സർക്കാർ ഓഫീസുകൾ കെ-ഫോണിൽ നിന്ന് പിന്മാറുന്നു. സൗജന്യമായി കണക്ഷൻ നൽകിയില്ലെങ്കിൽ പദ്ധതിയിൽ തുടരാൻ താൽപര്യമില്ലെന്ന് പല സർക്കാർ സ്ഥാപനങ്ങളും അറിയിച്ചെന്നാണ് വിവരം. ഇത് സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറല്ലെന്നാണ് കേരള സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ബാബു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞത്.

കഴിഞ്ഞ വർഷം ജൂണിലാണ് കെ-ഫോൺ പദ്ധതി ആരംഭിച്ചത്. 30,000 സർക്കാർ സ്ഥാപനങ്ങൾക്ക് കണക്ഷൻ നൽകുമെന്നാണ് അന്ന് അറിയിച്ചത്. 19,800 സ്ഥാപനങ്ങളിൽ കണക്ഷൻ നൽകുകയും ചെയ്തു. എന്നാൽ ഇതിൽ 40 ശതമാനം സ്ഥാപനങ്ങളും പദ്ധതിയിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതായാണ് സൂചന. സൗജന്യമാണെങ്കിൽ മാത്രമേ തുടരുകയുള്ളു എന്നാണ് സർക്കാർ സ്ഥാപനങ്ങളുടെ പക്ഷം. പദ്ധതി തുടങ്ങി ആദ്യ നാല് മാസം വരെ കെ-ഫോൺ സേവനം സൗജന്യമായിരുന്നു. അഞ്ചാമത്തെ മാസം മുതൽ ബില്ല് വന്നു തുടങ്ങി . സർക്കാർ സ്ഥാപനങ്ങളിൽ ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള കണക്ഷനുകൾ നേരത്തെ ഉണ്ട്. ഇവയ്ക്ക് പകരമാകാന്‍ കെ-ഫോണിന് കഴിയുന്നില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് അവയെ ഒഴിവാക്കി കെ ഫോണിന് പണം നൽകി ഉപയോഗിക്കാൻ ഓഫീസുകൾ തയ്യാറാകാത്തത്. കെ-ഫോണിന് ഇപ്പോഴും 2 ജി വേഗത മാത്രമേയുള്ളു എന്നും പരാതിയുണ്ട്.

കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട്‌ ബോർഡ് (കെഐഐഎഫ്ബി) ആണ് ധനസഹായം നൽകുന്നത്. പക്ഷെ വാർഷിക പരിപാലനത്തിന് ഈ തുക മാത്രം മതിയാകില്ല. മാസവരി കൂടി കിട്ടിയാലേ പദ്ധതി നല്ലരീതിയിൽ മുന്നോട്ട് പോകു എന്നാണ് വിലയിരുത്തൽ. സർക്കാർ സ്ഥാപനങ്ങൾ കൂടി പിന്മാറിയാൽ കെ ഫോണിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആകാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top