അതീജീവിതയെ പീഡിപ്പിച്ച മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് ജാമ്യം; പി.ജി.മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ

കൊച്ചി : നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ലൈഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി പി.ജി.മനുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എല്ലാ മാസവും ആദ്യ ശനിയാഴ്ച മൂന്നുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനല്ലാതെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കയറരുത്, അതിജീവിതയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം,
രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യവും തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2018ല്‍ പീഡനത്തിന് ഇരയായ യുവതി ഈ കേസില്‍ നിയമസഹായം തേടിയെത്തിയപ്പോഴാണ് അഭിഭാഷകന്‍ പീഡിപ്പിച്ചത്. കടവന്ത്രയിലെ ഓഫീസില്‍ കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങല്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു. ചോറ്റാനിക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈക്കോടതിയും സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജനുവരി 31 മനു കീഴടങ്ങുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here