കടമെടുപ്പ് കേസിന് വക്കീല്‍ ഫീസായി 15 ലക്ഷം കൂടി അനുവദിച്ചു; കപില്‍ സിബലിന് ഖജനാവില്‍ നിന്നും ഇതുവരെ നല്‍കിയത് 90 ലക്ഷം; ഇനി നല്‍കാനുള്ളത് 1.60 കോടി

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ കേസ് നടത്തിയതിന് കപില്‍ സിബലിന് വക്കീല്‍ ഫീസ് അനുവദിച്ചു. 15.50 ലക്ഷം കൂടിയാണ് അനുവദിച്ച് ഉത്തരവിറങ്ങിയത്. കപില്‍ സിബലിന് ഫീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കത്ത് നല്‍കിയിരുന്നു.ഇത് പരിഗണിച്ചാണ് ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായതിനും ഉപദേശത്തിനുമായി 75 ലക്ഷം രൂപ നേരത്തെ ഖജനാവില്‍ നിന്നും കപില്‍ സിബലിന് അനുവദിച്ചിരുന്നു. ഇതുവരെ 90.50 ലക്ഷം രൂപ ഫീസായി നല്‍കിയിട്ടുണ്ട്. ഇനി 1.60 കോടി രൂപ കൂടി ഫീസിനത്തില്‍ നല്‍കാനുമുണ്ട്. ഒരു പ്രാവശ്യം ഹാജരാകുന്നതിന് 15.50 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് കപില്‍ സിബലിന്റെ ഫീസ്.

ഇത്രയും കോടികള്‍ മുടക്കി കേസ് നടത്തിയിട്ടും സംസ്ഥാനത്തിന് അനുകൂലമായ ഉത്തരവ് സുപ്രീംകോടതിയില്‍ നിന്നും ലഭിച്ചില്ല. ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി ഹര്‍ജി ഭരണഘടന ബഞ്ചിന് വിട്ടിരിക്കുകയാണ്.

സംസ്ഥാനത്തിന് ഇന്നലെ 3000 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. 5000 കോടി കടമെടുക്കാന്‍ അനുമതി ചോദിച്ചപ്പോഴാണ് ഇത്രയും തുകയ്ക്ക് അനുമതി നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 37000 കോടി രൂപയായി കേന്ദ്രം നിശ്ചയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top