ധൂര്‍ത്തിന് ട്രഷറി നിയന്ത്രണമില്ല; രാജ്ഭവനിലെ വിരുന്നിന് 20 ലക്ഷം; മുണ്ടു മുറുക്കി ഉടുക്കണമെന്ന ആഹ്വാനം മുറപോലെ

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് പരമാവധി തുക കുറച്ച് ലഘു ഭക്ഷണം നല്‍കണമെന്ന് ശഠിക്കുന്ന സര്‍ക്കാര്‍, രാജ്ഭവനില്‍ പൗരപ്രമുഖര്‍ക്ക് വിരുന്നൊരുക്കാന്‍ 20 ലക്ഷം അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങള്‍ മറികടന്നാണ് ഈ തുക അനുവദിച്ചത്.
റിപ്പബ്‌ളിക് ദിനം വൈകുന്നേരം രാജ്ഭവനില്‍ നടക്കുന്ന ‘അറ്റ് ഹോം’ എന്ന പരിപാടിക്ക് 20 ലക്ഷം രൂപ അനുവദിക്കണമെന്ന് രാജ്ഭവന്‍ ഡിസംബര്‍ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ മാസം അഞ്ചിന് പണം അനുവദിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി. പൗരപ്രമുഖരും, ഉദ്യോഗസ്ഥരും, മന്ത്രിമാരും, നിയമസഭാ സാമാജികരുമൊക്കെയാണ് അറ്റ് ഹോം പരിപാടിയില്‍ പങ്കെടുക്കുന്നത്.
സംസ്ഥാനത്ത് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ തുക അനുവദിക്കുന്നതിന് ട്രഷറികളില്‍ നിയന്ത്രണമുണ്ട്. നാളെ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്താനിരിക്കെ രാജ്ഭവന്‍ ആവശ്യപ്പെട്ട തുക അനുവദിക്കാന്‍ ഈ നിയന്ത്രണങ്ങള്‍ തടസ്സമായില്ല.
തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും നടക്കുന്ന റിപ്പബ്‌ളിക് ദിന പരേഡില്‍ പങ്കെടുക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് പരേഡിന് ശേഷം ലഘു ഭക്ഷണങ്ങള്‍ നല്‍കുന്ന പതിവുണ്ട്. പരേഡില്‍ പങ്കെടുക്കുന്ന സ്‌കൂള്‍ കുട്ടികള്‍, എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്ട് തുടങ്ങി എല്ലാവര്‍ക്കും റിഹേഴ്‌സല്‍ സമയത്തും പരിപാടിയുടെ ദിവസവും നല്‍കുന്ന ലഘുഭക്ഷണത്തിന് പണം അനുവദിച്ചുള്ള ഉത്തരവിലാണ് ഏറ്റവും കുറച്ച് തുക ചെലവഴിക്കണമെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനുവദിച്ച തുക പരമാവധി കുറച്ച് വിനിയോഗിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. തിരുവനന്തപുരം ജില്ലയ്ക്ക് ഒന്നര ലക്ഷവും മറ്റ് ജില്ലകള്‍ക്ക് 75000 രൂപ വീതവുമാണ് അനുവദിച്ചത്. എന്നാല്‍ തുക പരിമിതമായി ഉപയോഗിക്കാനാണ് ജില്ലാ കളക്ടറന്മാര്‍ക്ക് പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here