കെഎസ്ആര്‍ടിസി പെന്‍ഷന്‍ക്കാര്‍ക്ക് ആശ്വാസം; 90 കോടി അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം : കെഎസ്ആര്‍ടിസി പെന്‍ഷന്‍ക്കാര്‍ക്ക് ആശ്വാസം. പെന്‍ഷന്‍ കുടിശിക നല്‍കാന്‍ പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കോര്‍പ്പറേഷനുള്ള സഹായമായി 90.22 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 70.22 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനാണ്. നിലവില്‍ ഒക്ടോബര്‍, നവംബര്‍ മാസത്തെ പെന്‍ഷന്‍ കുടിശികയാണുള്ളത്. ഇപ്പോള്‍ അനുവദിച്ച തുക കുടിശിക മുഴുവന്‍ തീര്‍ക്കാന്‍ പര്യാപ്തമല്ല. ഓരു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ മാത്രമേ ഈ തുക തികയുകയുള്ളൂ.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആദ്യ ഗഡു ശമ്പളം മാത്രമാണ് ഇതുവരെ നല്‍കിയത്. രണ്ടാം ഗഡു അനുവദിക്കാന്‍ 38 കോടി രൂപയാണ് വേണ്ടത്. ഇപ്പോള്‍ അനുവദിച്ച തുകയില്‍ പെന്‍ഷനുളളത് മാറ്റിവച്ചാല്‍ 20 കോടിയാണ് ബാക്കിയുളളത്. അതുകൊണ്ട് തന്നെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 18 കോടി രൂപ കൂടി കണ്ടെത്തേണ്ടി വരും. ഈ മാസം 120 കോടി രൂപയാണ് സര്‍ക്കാര്‍ കോര്‍പ്പറേഷന് ഇതുവരെ അനുവദിച്ചത്. ആദ്യം 30 കോടി നല്‍കിയിരുന്നു. ഇത് ഉപയോഗിച്ചാണ് ശമ്പളത്തിന്റെ ഒന്നാം ഗഡു നല്‍കിയത്. കോര്‍പറേഷന് ഈവര്‍ഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈവര്‍ഷം ഇതുവരെ 1234.16 കോടി രൂപയാണ് അനുവദിച്ചതെന്നാണ് ധനവകുപ്പ് പുറത്തു വിട്ട കണക്കില്‍ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here