മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കും സ്‌പോണ്‍സര്‍മാരെ വേണം; നവകേരള സദസിനടക്കം പിരിച്ച ഒന്നിൻ്റെയും കണക്ക് പുറത്തുവിടാതെ സർക്കാർ
തിരുവനന്തപുരം : നവകേരള സദസിന്റെയും കേരളീയം പരിപാടിയുടെയും കണക്കുകള്‍ ഒന്നും പുറത്തുവിടാത്ത സര്‍ക്കാര്‍ പുതിയൊരു പരിപാടിക്ക് കൂടി സ്‌പോണ്‍സര്‍മാരെ പിടിക്കാന്‍ രംഗത്ത്. ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കാണ് പണം മുടക്കാന്‍ ആളെ തേടുന്നത്. നവകേരള സദസിന്റെ തുടര്‍ച്ചയായാണ് പരിപാടി സംഘിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലുള്ളവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
വിവിധ ജില്ലകളിലായി വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍,മഹിളകള്‍, ആദിവാസികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുക. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് മൂന്ന് വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഏറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായാണ് പരിപാടികള്‍ നടക്കുക. വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സണായും ഉന്നത ഉദ്യോഗസ്ഥന്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ച്, പരിപാടി നടത്താനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഓരോ മേഖലയിലേയും സര്‍ക്കാര്‍ വകുപ്പുകള്‍ പരിപാടി വിജയിപ്പിക്കാനാവശ്യമായ ചുമതല ഏറ്റെടുക്കണം. പരിപാടി നടക്കുന്ന ഹാള്‍, സൗണ്ട് സിസ്റ്റം, എല്‍ഇഡി വാള്‍, അനുബന്ധ സൗകര്യങ്ങള്‍, ലഘുഭക്ഷണം തുടങ്ങി എല്ലാ ചിലവുകളും സംഘാടക സമിതി തന്നെ കണ്ടെത്തണം. ഇതിന് നവകേരള സദസിന്റെ മാതൃകയില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
സര്‍ക്കാരിന്റെ രണ്ട് പ്രധാന പരിപാടികള്‍ ഇത്തരത്തില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് സംഘടിപ്പിച്ചത്. എന്നാല്‍ ഇതിന്റെ കണക്കുകള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല എന്ന് മാത്രമല്ല നിയമസഭാ ചോദ്യങ്ങളോടു പോലും മൗനം പാലിക്കുകയാണ്. ഇതിനു പിന്നാലെയാണ് വീണ്ടും സ്‌പോണ്‍സര്‍മാരെ തേടുന്നത്.
മുഖാമുഖം പരിപാടിയില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുമായാണ് മുഖ്യമന്ത്രി സംവദിക്കുന്നത്. ഒരാള്‍ക്ക് 1 മിനിറ്റാണ് അനുവദിക്കുക. സംസാരിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് വിഷയം എഴുതി നല്‍കാനും അവസരമുണ്ടാകും. ഓരോ പരിപാടിയിലും 2000 പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 18ന് കോഴിക്കോട്ട് വിദ്യാര്‍ത്ഥികളുമായും 20ന് തിരുവനന്തപുരത്ത് യുവാക്കളുമായും 22ന് എറണാകുളത്ത് വനിതകളുമായും മുഖ്യമന്ത്രി സംവദിക്കും. 24ന് കണ്ണൂരാണ് ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖാമുഖം. 25ന് തൃശൂരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായും 26ന് ഭിന്നശേഷിക്കാരുമായും 27ന് തിരുവനന്തപുരത്ത് മുതിര്‍ന്ന പൗരന്‍മാരുമായും മുഖ്യമന്ത്രി സംസാരിക്കും. കൊല്ലത്ത് 29നാണ് തൊഴിലാളികളുമായുള്ള മുഖാമുഖം. മാര്‍ച്ച് 2ന് ആലപ്പുഴയില്‍ കാര്‍ഷിക മേഖലയിലുളളവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് 3ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായുളള സംവാദത്തോടെയാകും മുഖാമുഖം പരിപാടി അവസാനിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിയുന്നത്ര ആളുകളുമായുള്ള സംവാദമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയില്‍ പങ്കെടുക്കേണ്ടവരെ നേരത്ത തന്നെ തിരഞ്ഞെടുത്ത് ക്ഷണക്കത്ത് നല്‍കി പങ്കാളിത്തം ഉറപ്പിക്കാനാണ് നിര്‍ദേശം. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നിശ്ചയിച്ചിരിക്കുന്ന പരിപാടിയില്‍ ഓരോ മേഖലയിലെ വിദഗ്ദ്ധരേയും ക്ഷണിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here