സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി; ബില്ലുകൾ കെട്ടിക്കിടക്കുന്നു; തിരഞ്ഞെടുപ്പ് ചെലവുകൾക്കുള്ള ബില്ലുകൾ പോലും മാറുന്നില്ലെന്ന് പരാതി
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും വിതരണം ചെയ്തു തുടങ്ങി. പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായുള്ള കുടിശികയും വിതരണം ചെയ്യുന്നുണ്ട്. ഇന്നും നാളെയുമായി ശമ്പളവും പെൻഷനും പൂർണമായി വിതരണം ചെയ്യാനാണ് തീരുമാനം.
ശമ്പളവും അനുകൂല്യങ്ങളും നൽകുമ്പോഴും ട്രഷറിയിൽ ബില്ലുകൾ കെട്ടിക്കിടക്കുകയാണ്. എഴുപതിനായിരത്തിലധികം ബില്ലുകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. ഇതിൽ ഭൂരിഭാഗവും തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകളാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ബില്ലുകൾ ഇ സബ്മിഷൻ ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിലാണ് ഈ നിയന്ത്രണമേർപ്പെടുത്തിയത്. ഇതുകൂടാതെ 5 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്കും നിയന്ത്രണമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് ചെലവുകൾക്കുള്ള ബില്ലുകൾ പോലും മാറുന്നില്ലെന്ന് പല ജില്ലകളിലും പരാതി ഉയർത്തിയിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷത്തിൽ 40,000 കോടി കടമെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. അതുകൊണ്ടുതന്നെ ഈ ബില്ലുകൾ വേഗം മാറാൻ കഴിയും എന്നാണ് പ്രതീക്ഷ. കേന്ദ്ര അനുമതി ലഭിക്കുന്നത് വരെ റിസർബാങ്കിൽ നിന്ന് സംസ്ഥാനത്തിന് കടമെടുക്കാം. ഇതുകൂടാതെ കേന്ദ്രസർക്കാരിൽ നിന്നുള്ള നികുതി വിഹിതവും സാമ്പത്തിക വർഷത്തിന്റെ ആദ്യം ലഭിക്കും. അതുകൊണ്ടുതന്നെ പ്രതിസന്ധിയില്ലാതെ ഇവ പരിഹരിക്കാം എന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here