വിഴിഞ്ഞം ടിപ്പർ അപകടത്തിന് പിന്നാലെ സുരക്ഷാ പരിശോധന കർശനമാക്കാൻ സർക്കാർ നിർദ്ദേശം; തുറമുഖ നിർമാണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ലിസ്റ്റ് അദാനി ഗ്രൂപ്പ് സമർപ്പിക്കണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചതിന് പിന്നാലെ സുരക്ഷ കടുപ്പിച്ച് സർക്കാർ. തുറമുഖം നിർമാണത്തിനുള്ള സാധനങ്ങൾ കയറ്റിവരുന്ന ടിപ്പറുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.

തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ടിപ്പറുകളുടെ ലിസ്റ്റ് അദാനി പോർട്ട്സ് പോലീസിന് സമർപ്പിക്കണം. പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾ നടത്തും. ഓവർ ലോഡുകൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. നിലവിലെ നിയമം അനുസരിച്ചുള്ള ലോഡ് മാത്രമേ അനുവദിക്കൂ. ഇതിനായി ലോഡ് കയറ്റുന്നിടത്തും ഇറക്കുന്നിടത്തും പരിശോധന നടത്തും. ഓവർലോഡ് കയറ്റി ടിപ്പറുകൾ വന്നാൽ കരാറുകാരന് പണം നൽകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ പോലീസും ജില്ലാ ഭരണകൂടവും ചർച്ച ചെയ്ത് രണ്ടുദിവസത്തിനകം തയ്യാറാക്കും.

ഏറ്റവും തിരക്കുള്ള രാവിലെ എട്ടു മണി മുതൽ പത്തു മണി വരെ ടിപ്പറുകൾ നിരത്തിലിറങ്ങുന്നത് പൂർണ്ണമായും നിരോധിക്കും. ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. വിഴിഞ്ഞം ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേർന്ന സർവകക്ഷി യോഗത്തിൽ എ.വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ് അയ്യർ, എഡിഎം പ്രേംജി സി, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ഡിസിപി നിധിൻ രാജ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top