ജനത്തെ പോക്കറ്റടിക്കാൻ പുതിയ നയരേഖയുമായി സർക്കാർ!! സെസ് പിരിക്കണമെന്ന നിർദേശം പാർട്ടി സമ്മേളനത്തിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

“സെസുകൾ ചുമത്തുന്നതിനുള്ള സാധ്യതകളെ നാം പരിശോധിക്കേണ്ടതുണ്ട്. എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്ക് ഉൾപ്പെടെ നൽകേണ്ടതുണ്ടോ എന്നും പരിശോധിക്കണം. വരുമാനത്തിന് അനുസരിച്ചു പ്രത്യേക വിഭാഗങ്ങളിലാക്കി ഫീസ് ഈടാക്കാനുള്ള സാധ്യതകളെക്കുറിച്ചും ആലോചിക്കണം”– കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിൽ പറയുന്നത് ഇങ്ങനെ.
ജനങ്ങളെ പരമാവധി പിഴിഞ്ഞ് ഖജനാവിലേക്കെത്തിക്കുന്ന തുഗ്ലക്ക് മോഡൽ പരിഷ്കാരമാണ് ഇതെന്ന് ഉറപ്പ്. വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളെ തട്ടുകളാക്കി പണം പിടുങ്ങുന്ന തന്ത്രം രാജഭരണകാലത്ത് ഉണ്ടായിരുന്നു. പെട്രോൾ സെസ്, മദ്യ സെസ് തുടങ്ങി കെട്ടിടനികുതി വർധന വരെ സമസ്ത മേഖലയിലും വരുമാനം ഉറപ്പാക്കിയ സർക്കാരാണ് വീണ്ടും ജനത്തിന് മേൽ സാമ്പത്തിക ഭാരം അടിച്ചേൽപിക്കാൻ വഴിതേടുന്നത്. കിഫ്ബി റോഡുകളിലെ ടോളും ഉടനെത്തും.
ഏറെക്കാലമായി വർധന വരുത്താത്ത മേഖലകളിൽ ഫീസോ നികുതിയോ വർധിപ്പിക്കണം എന്നാണ് നയരേഖയിലെ പ്രധാന ശുപാർശ. ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന 41 പേജ് റിപ്പോർട്ടിലാണു സെസ് ചുമത്തുന്നത് അടക്കം നിർദേശങ്ങൾ. വിവിധ മേഖലകളിൽ നിന്ന് ലീസും മറ്റുമായി കിട്ടേണ്ട തുകകൾ പിരിച്ചെടുക്കാൻ ശ്രമിക്കണമെന്ന് നയരേഖയിൽ പറയുന്നുണ്ട്. എന്നാൽ നികുതി പിരിവ് ഊർജിതമാക്കാൻ പോലും കാര്യമായൊരു ശ്രമവും നടത്താതെയാണ് ജനങ്ങളിൽ നിന്ന് പിടിച്ചുപറിക്കാനുള്ള പുതിയ നീക്കവു വരുന്നത്.
ക്ഷേമ പെൻഷനുകൾ നല്കാൻ പെട്രോൾ സെസ് പിരിക്കാൻ ഒന്നാം പിണറായി സർക്കാർ തീരുമാനം എടുത്തിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ പെട്രോൾ സെസ് പിരിക്കുന്നുണ്ടെങ്കിലും ക്ഷേമ പെൻഷൻ വിതരണം കൃത്യമായി നടക്കുന്നില്ല. മാസങ്ങളുടെ കുടിശ്ശിക പതിവാണ്. മോട്ടോർ വാഹന സെസ് പിരിച്ചെടുക്കുന്നതിന് പുറമെയാണ് കിഫ്ബി പണിയുന്ന റോഡുകളിൽ വാഹനമോടിക്കാൻ ടോൾ പിരിക്കാനുള്ള നീക്കവും വരുന്നത്.
50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ ടോൾ ഈടാക്കാനുള്ള നീക്കം പാർട്ടിയും മുന്നണിയും അംഗീകരിച്ച് കഴിഞ്ഞതാണ്. വായ്പയെടുത്ത തുകകൊണ്ട് കിഫ്ബി നടത്തുന്ന പദ്ധതികൾ ഇങ്ങനെയല്ലാതെ മുന്നോട്ട് പോകില്ലെന്നാണ് ന്യായം. ഇന്ധന സെസ്, മോട്ടോർ വാഹന നികുതിയുടെ പകുതി തുക എന്നിവയാണ് ഇപ്പോൾ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്. ആദ്യം ടോളിനെ എതിർത്ത സിപിഎം നിലപാട് മാറ്റിയതിനാൽ ഇപ്പോൾ നയപരമായ പ്രശ്‌നമില്ലെന്ന വിലയിരുത്തലിലാണ് ഈ നീക്കം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here