വയനാട് ക്യാമ്പസിൽ മൃഗാധിപത്യമെന്ന് ബി.അശോക് ഐഎഎസ്; സിദ്ധാർത്ഥൻ്റെ മരണത്തിൽ എസ്എഫ്ഐ മാപ്പുപറയണം; മനോരമ ലേഖനത്തിൽ സർക്കാരിന് അതൃപ്തി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി.അശോക് മനോരമ പത്രത്തിൽ എഴുതിയ ലേഖനത്തില്‍ സര്‍ക്കാരിന് തികഞ്ഞ അതൃപ്തി. എസ്എഫ്ഐയെ പേരെടുത്ത് വിമർശിക്കുന്ന അശോകിന്റെ വാദങ്ങള്‍ സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നതാണെന്ന വിലയിരുത്തല്‍ സിപിഎമ്മിന് ഉണ്ട്. ഐഎഎസ് അസോസിയേഷന്റെ പ്രസിഡന്റായ അശോകിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. നിലവില്‍ കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറാണ് ബി.അശോക്. വെറ്ററിനറി സര്‍വകലാശാല 2011ല്‍ പൂക്കോട് ആരംഭിച്ചപ്പോള്‍ വൈസ് ചാന്‍സലറായിരുന്നു അശോക്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന ഐഎഎസുകാരന്റെ ലേഖനം പ്രസക്തമാകുന്നത്.

സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട് എസ്എഫ്ഐയേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കുകയാണ് സമീപകാലത്തെല്ലാം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നത്. എസ്എഫ്ഐയെ അക്രമി സംഘടനയായി മുദ്രകുത്തുന്ന അദ്ദേഹത്തിൻെറ നിലപാടിന് കരുത്ത് പകരുന്നതാണ് അശോകിന്റെ ലേഖനമെന്ന വിലയിരുത്തല്‍ സിപിഎം കേന്ദ്രങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനേയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അശോകിന്റെ ലേഖനം സര്‍ക്കാര്‍ പരിശോധനയ്ക്ക് വിധേയമാക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥന് ഇത്തരമൊരു ലേഖനം എഴുതാന്‍ ചട്ടപ്രകാരം കഴിയുമോ എന്നാണ് പരിശോധിക്കുക.

ബി.അശോക് മുമ്പും സർക്കാരിൻ്റെ കണ്ണിൽ കരടായിട്ടുണ്ട്. 2013ൽ ശിവഗിരി സമ്മേളനത്തിലേക്ക് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയെ ക്ഷണിച്ചത് വിവാദമായപ്പോൾ ശിവഗിരിയെ അനുകൂലിച്ച് കൗമുദി പത്രത്തിൽ എഴുതിയ ലേഖനം ഉമ്മൻ ചാണ്ടി സർക്കാരിനെ വല്ലാതെ ചൊടിപ്പിച്ചു. അന്ന് കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ വൈസ് ചാൻസലറായിരുന്ന അശോകിന് ചുരുങ്ങിയ കാലത്തിനിടെ എട്ട് തവണയാണ് സ്ഥാനചലനമുണ്ടായത്. കേരള കേഡറിലെ 2000 വരെയുള്ള ബാച്ചുകളിലുള്ളവര്‍ക്ക് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടും 1998 ബാച്ചിലെ അശോകിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചതെല്ലാം അന്ന് ചര്‍ച്ചയായി. തുടര്‍ച്ചയായി 16 വര്‍ഷം ഏറ്റവും മികച്ച ഗ്രേഡ് (ഔട്ട് സ്റ്റാന്‍ഡിംഗ്) നേടിയ അശോകിന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനും സര്‍ക്കാര്‍ തയ്യാറായില്ല. ശിക്ഷാ നടപടിയായി അശോകിന്റെ സ്പെഷ്യല്‍ സെക്രട്ടറി സ്‌കെയിലിലെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. തരംതാഴ്ത്താനുള്ള സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി സ്റ്റേ ചെയ്തതാണ് അശോകിന് രക്ഷയായത്. കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് കെഎസ്ഇബി ചെയർമാൻ ആയിരുന്ന അശോക് അച്ചടക്കം ഉറപ്പുവരുത്താൻ നടത്തിയ ശ്രമങ്ങൾ യൂണിയൻ നേതാക്കളുടെ അനിഷ്ടം ക്ഷണിച്ചുവരുത്തിയതോടെ വൻ കലാപമായി മാറി. വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ചെയർമാൻ ബോർഡ് ആസ്ഥാനത്തെ സമരത്തിൻ്റെ പേരിൽ സംഘടനാ നേതാക്കളെ സസ്പെൻഡ് ചെയ്യുകയും ചെയ്തതോടെ വിഷയം മുഖ്യമന്ത്രിയുടെ മുന്നിൽ വരെയെത്തിയിരുന്നു.

ഇത്തവണത്തെ ലേഖനത്തിലൂടെ പക്ഷെ സർക്കാർ തന്നെയും എതിർപക്ഷത്താകുകയാണ്. എസ്എഫ്ഐക്കും സർവകലാശാലാ അധികൃതർക്കും എതിരെ അത്യന്തം ഗുരുതര ആരോപണമാണ് അശോക് ഉയർത്തുന്നത്. എത്ര ബീഭത്സമായ പീഡനമുറകള്‍ക്കു ശേഷമാണ് സിദ്ധാർത്ഥന്‍ മരിക്കുന്നത്. ലഭിക്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ പ്രതികളര്‍ഹിക്കുന്നു. അതിക്രൂരമായി തടവുകാര്‍ മര്‍ദിക്കപ്പെട്ട ഗ്വാണ്ടനാമോ, നാസി കോണ്‍സന്‍ട്രേഷന്‍ ക്യാംപ് അനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന അന്യായമാണ് നടന്നത്. മൂന്നു ദിവസം ഒരു വിദ്യാർത്ഥി ഹോസ്റ്റലില്‍ പരസ്യമായി മര്‍ദിക്കപ്പെട്ടിട്ടും അതറിയാത്ത വാര്‍ഡനും അസിസ്റ്റന്റ് വാര്‍ഡനും അവിടെയുണ്ടെന്നും ഓര്‍ക്കുക. ഇതെഴുതുമ്പോഴും സര്‍വകലാശാല അവരെ തല്‍സ്ഥാനത്തുനിന്നു നീക്കിയിട്ടില്ല. ആന്റി റാഗിങ് ചട്ടപ്രകാരം സര്‍വീസില്‍ തുടരാന്‍ പോലും അവര്‍ അര്‍ഹരല്ലെന്ന വസ്തുതയാണ് അശോക് ചൂണ്ടിക്കാട്ടുന്നത്. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയെ കടന്നാക്രമിക്കുന്നതാണ് അശോകിന്റെ ലേഖനം.

സംസ്ഥാനത്തെ വിദ്യാര്‍ ത്ഥികള്‍ക്കു സര്‍വകലാശാലകളില്‍ ചെന്നുകയറാന്‍ പോലും ഭീതിയുണ്ടാക്കുന്ന സാഹചര്യം മറ്റു ചിലര്‍ സൃഷ്ടിക്കുന്നു. ഇതെന്തൊരു വൈരുധ്യമാണ്! എസ്എഫ്‌ഐ കൃത്യമായ ആത്മപരിശോധന നടത്തണം; പൂക്കോട്ടെപ്പോലുള്ള കിരാതത്വം അവസാനിപ്പിക്കണം. ആ സംഘടനയുടെ മെച്ചപ്പെട്ട ഭൂതകാലം സമൂഹത്തോടുള്ള നിരുപാധിക ക്ഷമായാചനവും അക്രമത്തെ തള്ളിപ്പറയലും ആവശ്യപ്പെടുന്നു. സര്‍വകലാശാലകളും കോളജുകളും താല്‍ക്കാലിക ചുമതലക്കാരും രാഷ്ട്രീയ ശക്തിമാന്മാരുമല്ല നിയന്ത്രിക്കേണ്ടത്. ഉദ്ദേശ്യശുദ്ധിയും ധൈഷണികതയുമുള്ള നേതൃത്വത്തിനു മാത്രമേ ഭിന്നാഭിപ്രായമുള്ളവരിലും ഭരണസംവിധാനം സംബന്ധിച്ച് വിശ്വാസമുറപ്പിക്കാന്‍ കഴിയൂ. അല്‍പമെങ്കിലും നിഷ്പക്ഷതയില്ലാത്ത സ്ഥാപനനേതൃത്വത്തിനു നീതി പുലര്‍ത്തി പ്രവര്‍ത്തിക്കാനാവില്ല. അവര്‍ സംഘടനാ സമ്മര്‍ദത്തിനടിപ്പെടും. ആ സമ്മര്‍ദം വൈകാതെ കയ്യൂക്കുകാരുടെ കൈകളില്‍ വ്യവസ്ഥാപിത അധികാരം എത്തിക്കും -ഇതാണ് അശോക് പറഞ്ഞുവയ്ക്കുന്നത്.

മനോരമയില്‍ ബി.അശോക് എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം:

വെറ്ററിനറി സര്‍വകലാശാല 2011ല്‍ പൂക്കോട് ആരംഭിച്ചപ്പോള്‍ എനിക്കായിരുന്നു വൈസ് ചാന്‍സലറാകാനുള്ള നിയോഗം. ഞാനതൊരു ഭാഗ്യമായാണ് കരുതിയിരുന്നത്. പക്ഷേ, ഇപ്പോള്‍ പൂക്കോട്ടെ കുന്നുകളില്‍നിന്നു സിദ്ധാര്‍ഥനടക്കമുള്ള വിദ്യാര്‍ഥികളുടെ വിലാപങ്ങള്‍ ഉയരുമ്പോള്‍ എനിക്കു ദുഃഖത്തെക്കാള്‍ രോഷമാണു തോന്നുന്നത്. മൂന്നു ദിവസം ക്യാംപസില്‍ ബന്ധനസ്ഥനാക്കിയശേഷം വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്‌നനാക്കിനിര്‍ത്തുക, ക്രൂരമായി മര്‍ദിക്കുക, കഴുത്തില്‍ ഇലക്ട്രിക് വയര്‍ കെട്ടിമുറുക്കി പീഡിപ്പിക്കുക, കാല്‍പാട് നെഞ്ചിലും വയറ്റിലും പതിയത്തക്കവിധം ചവിട്ടുക… എത്ര ബീഭത്സമായ പീഡനമുറകള്‍ക്കുശേഷമാണ് സിദ്ധാര്‍ഥന്‍ മരണപ്പെട്ടത്. ലഭിക്കാവുന്ന ഏറ്റവും കടുത്തശിക്ഷ പ്രതികളര്‍ഹിക്കുന്നു. അതിക്രൂരമായി തടവുകാര്‍ മര്‍ദിക്കപ്പെട്ട ഗ്വാണ്ടനാമോ, നാത്സി കോണ്‍സന്‍ട്രേഷന്‍ ക്യാംപ് അനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന അന്യായമാണ് നടന്നത്.

ഹോസ്റ്റലില്‍ തുടര്‍ച്ചയായി മര്‍ദിക്കപ്പെട്ടിട്ടും വാര്‍ഡനെയോ ഡീനിനെയോ കണ്ട് സിദ്ധാര്‍ഥന്‍ പരാതിപ്പെട്ടില്ല. പൊലീസ് സ്റ്റേഷനില്‍ വിളിച്ചതേയില്ല. മര്‍ദിക്കപ്പെടുന്നെന്നു സ്വന്തം മാതാപിതാക്കളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ അടുത്തുപോലും വിവരം പറഞ്ഞില്ല. മര്‍ദിച്ചവരെല്ലാം അവിടെ വന്‍സ്വാധീനമുള്ള ‘അധികാരി’കളാണെന്നതുകൊണ്ടാണത്. തല്ലിയ സംഘടനാനേതാക്കള്‍ക്കെതിരെ സര്‍വകലാശാലാ വിസിയോ ഡീനോ പരാതി സ്വീകരിക്കുന്നില്ല. ഒന്നുകില്‍ അവിടെ നടക്കുന്നത് അവര്‍ അറിയുന്നില്ല; അല്ലെങ്കില്‍ അവഗണിക്കുന്നു. മൂന്നു ദിവസം ഒരു വിദ്യാര്‍ഥി ഹോസ്റ്റലില്‍ പരസ്യമായി മര്‍ദിക്കപ്പെട്ടിട്ടും അതറിയാത്ത വാര്‍ഡനും അസിസ്റ്റന്റ് വാര്‍ഡനും അവിടെയുണ്ടെന്നും ഓര്‍ക്കുക. ഇതെഴുതുമ്പോഴും സര്‍വകലാശാല അവരെ തല്‍സ്ഥാനത്തുനിന്നു നീക്കിയിട്ടില്ല. ആന്റി റാഗിങ് ചട്ടപ്രകാരം സര്‍വീസില്‍ തുടരാന്‍പോലും അവര്‍ അര്‍ഹരല്ല.

ജോര്‍ജ് ഓര്‍വെല്‍ ‘അനിമല്‍ ഫാമി’ല്‍ പറഞ്ഞപോലെ മൃഗാധിപത്യഭരണമാണ് ആ ക്യാംപസില്‍ നടക്കുന്നത്. മുഷ്‌ക്കിലും തല്ലിലും കായബലത്തിലും വിശ്വസിക്കുന്ന ചിലര്‍ ആ ക്യാംപസ് കയ്യാളുന്നു. ഭൂരിപക്ഷ വിദ്യാര്‍ഥിസംഘടനയെ നിയന്ത്രിക്കുന്ന അവരുടെ അഭിപ്രായത്തിനുമേല്‍ അധ്യാപകര്‍ക്കോ സര്‍വകലാശാലയ്‌ക്കോ നിയന്ത്രണമില്ല. ചിന്താശേഷിക്കുപകരം പേശീബലവും മാരകായുധങ്ങളും പ്രയോഗിക്കുന്നവരുടെ ഒരുപറ്റം ക്യാംപസിലെ അധികാരങ്ങള്‍ കൈവശപ്പെടുത്തി യഥേഷ്ടം വിഹരിക്കുന്നു. ഒരു വക ‘ഗുണ്ടാ’ മാഫിയ ആ സര്‍വകലാശാലയുടെ ഭൗതികചുമതലകളില്‍ ചിലതു കൈവശപ്പെടുത്തിയിരിക്കുന്നെന്നും പറയാം.

സിദ്ധാര്‍ഥന്റെ മരണം കൈപ്പിഴയായി കാണാനാവില്ല. ഏക അഥവാ ഭൂരിപക്ഷ വിദ്യാര്‍ഥിസംഘത്തെ നിയന്ത്രിക്കുന്ന ക്രിമിനലുകള്‍ വിരാജിക്കുന്ന ക്യാംപസുകളിലെല്ലാം ഇതാണു സ്ഥിതി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലായാലും എറണാകുളം മഹാരാജാസിലായാലും ഈ പ്രവണത ഒരര്‍ബുദമായി മാറിയതു നമ്മള്‍ കണ്ടതാണ്. പ്രതിയോഗിയെ ആയുധങ്ങളോ ബലമോ ഉപയോഗിച്ചു വീഴ്ത്തുകയാണ് മുന്നോട്ടുപോകാന്‍ എളുപ്പമെന്ന് ഈ സംഘടനകള്‍ കരുതുന്നുണ്ടെങ്കില്‍ എത്ര ദരിദ്രമാണ് സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ തേടുന്ന ഇന്നത്തെ തലമുറയുടെ ഭാവിയും അവര്‍ ആവിഷ്‌കരിക്കുന്ന പ്രമേയങ്ങളും എന്നോര്‍ക്കണം. എത്ര ഭീതിജനകമായിരിക്കും ഇവര്‍ ആവിഷ്‌കരിക്കുന്ന രാജ്യത്തിന്റെ ഭാവി? അഭിപ്രായസ്വാതന്ത്ര്യത്തിനൊന്നും അവര്‍ സൂചികുത്തുന്നിടംപോലും നല്‍കാനുദ്ദേശിക്കുന്നില്ല എന്നര്‍ഥം.

മര്‍ദിച്ചു കൊലക്കുറ്റംവരെ ഏറ്റുവാങ്ങിയ ഭാവി മൃഗഭിഷഗ്വരരെ ഓര്‍ത്തും സത്യത്തില്‍ സങ്കടമുണ്ട്. അവര്‍ പൂര്‍ണമായും സ്വയം ബോധത്തിലും ബോധ്യത്തിലുമാണ് ആ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചതെന്നു വിശ്വസിക്കാന്‍ പ്രയാസം. നമ്മുടെ ക്യാംപസുകളെ വളയുന്ന ലഹരിയുടെ നീരാളികള്‍ വരിഞ്ഞുമുറുക്കിയ ഏതോ നിമിഷങ്ങളിലാണ് സഹജീവിയെ ചവിട്ടിവീഴ്ത്തി മരണത്തിലേക്ക് അവര്‍ തള്ളിവിട്ടതെന്നു ഞാന്‍ കരുതുന്നു. സുബോധത്തിലുള്ള ആര്‍ക്കു ചെയ്യാനാവും മണിക്കൂറുകള്‍ നീണ്ട ഇത്തരം കൊടുംകാടത്തം? ക്യാംപസുകളിലെ ലഹരി മാഫിയകളെക്കൂടി നിര്‍ദയം അടിച്ചമര്‍ത്താതെ മുന്നോട്ടുപോക്ക് അസാധ്യം.

നിയമം അതിന്റെ വഴിക്കു പതിയെ നടന്നാല്‍പ്പോരാ; നാടിനപമാനമായ ഈ ക്യാംപസ് വൈകൃതം ഇതോടെ അവസാനിപ്പിക്കണം. സംഘടനകളും രാഷ്ട്രീയ നേതാക്കളും ഇടപെട്ട് സമഗ്രമായി തിരുത്തേണ്ട ഒരു ഘട്ടമായി ഇതിനെ കാണണം. ഈ ക്യാംപസിലെ വഴിപിഴച്ച സംഘടനാഘടകത്തെ മാതൃസംഘടന പിരിച്ചുവിടുകയും സര്‍വകലാശാല ഈ വക സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയവരെ എന്നന്നേക്കുമായി പുറത്താക്കുകയും ചെയ്യണം. അതിനു ക്രിമിനല്‍ കേസിന്റെ അന്തിമ പര്യവസാനമൊന്നും നോക്കേണ്ടതില്ല. ഒരുവശത്തു സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ രാജ്യാന്തര ഹബ്ബായി മാറ്റാന്‍ ശ്രമിക്കുന്നു. മറുവശത്ത്, സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കു സര്‍വകലാശാലകളില്‍ ചെന്നുകയറാന്‍പോലും ഭീതിയുണ്ടാക്കുന്ന സാഹചര്യം മറ്റു ചിലര്‍ സൃഷ്ടിക്കുന്നു. ഇതെന്തൊരു വൈരുധ്യമാണ്! എസ്എഫ്‌ഐ കൃത്യമായ ആത്മപരിശോധന നടത്തണം; പൂക്കോട്ടെപ്പോലുള്ള കിരാതത്വം അവസാനിപ്പിക്കണം. ആ സംഘടനയുടെ മെച്ചപ്പെട്ട ഭൂതകാലം സമൂഹത്തോടുള്ള നിരുപാധിക ക്ഷമായാചനവും അക്രമത്തെ തള്ളിപ്പറയലും ആവശ്യപ്പെടുന്നു.

ആ സംഘടനയുടെ ചില പ്രമാണിമാരെ നിരീക്ഷിച്ചാല്‍ പെരുമാറ്റത്തിലും മനോഭാവത്തിലും തിരുത്ത് തലപ്പത്തുനിന്നുതന്നെ വേണമെന്നു കാണാം. ഒരുകാലത്ത് ധൈഷണികതയ്ക്കും പഠനമികവിനും പേരുകേട്ട വിദ്യാര്‍ഥികള്‍ സ്വഭാവമഹിമയോടെ നയിച്ച ഇന്ത്യയിലെ മികച്ച സംഘടനകളിലൊന്നായിരുന്നു അത്. ഇന്നതിന്റെ നേതാക്കളുടെ ഇടപെടല്‍ ചില കായശേഷിക്കാരുടെ ചന്തയിലെയും ഗുസ്തിക്കളത്തിലെയും ആക്രോശങ്ങളെ മാത്രം അനുസ്മരിപ്പിക്കുന്നു. വലിയ ഒരു പതനം തന്നെയാണത്.

സര്‍വകലാശാലകളും കോളജുകളും താല്‍ക്കാലിക ചുമതലക്കാരും രാഷ്ട്രീയ ശക്തിമാന്മാരുമല്ല നിയന്ത്രിക്കേണ്ടത്. ഉദ്ദേശ്യശുദ്ധിയും ധൈഷണികതയുമുള്ള നേതൃത്വത്തിനുമാത്രമേ ഭിന്നാഭിപ്രായമുള്ളവരിലും ഭരണസംവിധാനം സംബന്ധിച്ച് വിശ്വാസമുറപ്പിക്കാന്‍ കഴിയൂ. അല്‍പമെങ്കിലും നിഷ്പക്ഷതയില്ലാത്ത സ്ഥാപനനേതൃത്വത്തിനു നീതി പുലര്‍ത്തി പ്രവര്‍ത്തിക്കാനാവില്ല. അവര്‍ സംഘടനാ സമ്മര്‍ദത്തിനടിപ്പെടും. ആ സമ്മര്‍ദം വൈകാതെ കയ്യൂക്കുകാരുടെ കൈകളില്‍ വ്യവസ്ഥാപിത അധികാരം എത്തിക്കും.

ക്യാംപസുകളെ ക്രിമിനല്‍ മുക്തമാക്കുന്നതിന്റെ ചുവടുകള്‍ പൂക്കോട്ടുനിന്നു തുടങ്ങണം. അതാണ് സിദ്ധാര്‍ഥന്റെ ദുരന്തം നമ്മെ പഠിപ്പിക്കുന്നതും ഓര്‍മിപ്പിക്കുന്നതും

(കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറാണ് ലേഖകന്‍. അഭിപ്രായം വ്യക്തിപരം)

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top