കേരളീയത്തിൽ എല്ലാം പരമരഹസ്യം; സ്‌പോണ്‍സര്‍മാര്‍ ആരെന്ന് മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും അറിയില്ല; വകുപ്പുകള്‍ പരസ്പരം കൈചൂണ്ടുന്നു

തിരുവനന്തപുരം : നവംബര്‍ ഒന്നു മുതല്‍ ഏഴ് ദിവസം തിരുവനന്തപുരത്ത് നടന്ന കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ ആരൊക്കെയെന്ന് ആര്‍ക്കും അറിയില്ല. പരിപാടിയുടെ കണ്‍വീനറായ ചീഫ് സെക്രട്ടറിക്ക് പോലും സ്‌പോണ്‍സര്‍മാരെ സംബന്ധിച്ച് അറിയില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് നല്‍കിയിരിക്കുന്ന മറുപടി. കേരളീയം പരിപാടിയുടെ സ്പോണ്‍സര്‍മാര്‍ ആരെല്ലാം, ഓരോരുത്തരും സ്പോണ്‍സര്‍ ചെയ്ത തുക എത്ര എന്നീ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ലെന്നും വിവരങ്ങള്‍ നല്‍കുന്നതിനായി അപേക്ഷയുടെ പകര്‍പ്പ് ടൂറിസം, വിവര പൊതുജന സമ്പര്‍ക്കം, സാംസ്‌കാരിക കാര്യം, വ്യവസായം, നികുതി എന്നീ വകുപ്പുകള്‍ക്ക് കെമാറിയിട്ടുണ്ടെന്നുമായിരുന്നു ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനു വേണ്ടി പൊതുഭരണ (ഏകോപന) വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ മറുപടി. കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആര്‍ പ്രാണകുമാറാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

മന്ത്രിമാരുടെ ഓഫീസില്‍ നിന്നും സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ഇല്ലെന്നു തന്നെയാണ് മറുപടി. മറ്റ് വകുപ്പുകളിലേക്ക് അപേക്ഷ കൈമാറിയെന്നാണ് മന്ത്രിമാരുടെ ഓഫീസുകള്‍ അറിയിച്ചിരിക്കുന്നത്. വ്യവസായ വകുപ്പില്‍ സ്പോണ്‍സര്‍മാരുടെ വിവരമില്ലെന്നും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ അപേക്ഷ കൈമാറിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രി പി. രാജീവിന്റെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടി. നികുതി വകുപ്പില്‍ സ്പോണ്‍സര്‍മാരുടെ വിവരം ഇല്ലെന്നും ധനകാര്യ വകുപ്പിനും ജി.എസ്.ടി വകുപ്പ് കമ്മീഷണറുടെ ഓഫീസില്‍ അയച്ചു കൊടുത്തിട്ടുണ്ടെന്നും മന്ത്രി ബാലഗോപാലിന്റെ നികുതി വകുപ്പ് അറിയിച്ചു. സാംസ്‌കാരിക വകുപ്പില്‍ സ്പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നും സാംസ്‌കാരിക വകുപ്പ് അദ്ധ്യക്ഷ കാര്യാലയത്തില്‍ അപേക്ഷ അയച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്റെ സാംസ്‌കാരിക വകുപ്പും അറിയിച്ചു.

കോടികള്‍ ചിലവിട്ട് നടത്തിയ പരിപാടിയുടെ വിവരങ്ങള്‍ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ ലഭ്യമല്ലാത്തത് ദൂരൂഹമാണെന്നാണ് വിമര്‍ശനമുയരുന്നത്. ഖജനാവില്‍ നിന്ന് 27 കോടി രൂപ മുടക്കിയെങ്കിലും അതിലും കൂടുതല്‍ തുക സ്‌പോസണ്‍മാരില്‍ നിന്ന് പിരിഞ്ഞു കിട്ടിയെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. വിവിധ വകുപ്പുകളില്‍ സ്‌പോണ്‍സര്‍മാരെ കൂടുതല്‍ കണ്ടെത്തിയവര്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങളും നല്‍കിയിരുന്നു. നികുതി പിരിക്കാന്‍ ചുമതലപ്പെടുത്തിയ ജി.എസ്.ടി കമ്മീഷണര്‍ക്കായിരുന്നു സ്പോണ്‍സര്‍ഷിപ്പിന്റെ ചുമതല. ഈ കണക്കുകളൊന്നും ലഭ്യമല്ലെന്നാണ് വിവിധ വകുപ്പുകള്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top